റോം: ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഫ്രഞ്ച് താരം പോൾ പോഗ്ബയ്ക്ക് 4 വർഷം വിലക്കേർപ്പെടുത്തിയതോടെ താരത്തിന്‍റെ പ്രൊഫഷണൽ കരിയറിന് അവസാനമാകുമോ എന്ന് ഫുൾബോൾ ലോകത്ത് ചർച്ച. ഇറ്റാലിയൻ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസിയാണ് പോഗ്ബക്ക് വിലക്കേർപ്പെടുത്തിയത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 20 ന് യുഡിനീസിനെതിരായ മത്സരത്തിനിടെ നടത്തിയ ഉത്തേജക മരുന്ന് പരിശോധനയിലാണ് യുവന്റസ് താരമായിരുന്ന പോൾ പോഗ്ബ പിടിയിലായത്.
കായികക്ഷമത വർധിപ്പിക്കുന്ന ടെസ്റ്റാസ്റ്റോറോൺ പോഗ്ബ ഉപയോഗിച്ചുവെന്നായിരുന്നു കണ്ടത്തെൽ. തൊട്ടുപിന്നാലെ പോഗ്ബയ്ക്ക് പ്രാഥമിക വിലക്കേർപ്പെടുത്തി. ഫ്രഞ്ച് താരത്തിന്റെ അപ്പീലിനെ തുടർന്ന് രണ്ടാം സാംപിൾ പരിശോധിച്ചു. ഇതിലും പരാജയപ്പെട്ടതോടെയാണ് ഇറ്റാലിയൻ ഉത്തേജക മരുന്ന് വിരുദ്ധ ഏജൻസി പോഗ്ബയ്ക്ക് നാലുവർഷ വിലക്കേർപ്പെടുത്തിയത്.
വിലക്കിനെതിരെ പോഗ്ബക്ക് സ്വിറ്റ്സർലൻഡിലെ കായിക തർക്ക പരിഹാര കോടതിയിൽ അപ്പീൽ നൽകാം. അപ്പീലിൽ അനുകൂല വിധിയുണ്ടായില്ലെങ്കിൽ മുപ്പതുകാരനായ പോഗ്ബയുടെ പ്രൊഫഷണൽ കരിയറിന് ഏറക്കുറെ അന്ത്യമാവും. അതുകൊണ്ടുതന്നെ അപ്പീൽ മാത്രമാണ് പോഗ്ബക്ക് മുന്നിൽ രക്ഷപ്പെടാനുള്ള ഒരേ ഒരു വഴി. 2018 ലോകകപ്പിൽ ഫ്രാൻസിനെ ലോക ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമാണ് പോഗ്ബ.
France star Paul Pogba’s football career all but over 4 year ban after failed doping test