ലോകം ഉറ്റുനോക്കുന്ന 2024ലെ പാരിസ് ഒളിമ്പിക്സ് നടന്നുകൊണ്ടിരിക്കുന്ന വേളയിൽ, രാജ്യത്തുടനീളമുള്ള ഒന്നിലധികം ടെലികമ്മ്യൂണിക്കേഷൻ ലൈനുകൾ തകർക്കപ്പെട്ടതായി ഫ്രഞ്ച് ഭരണകൂടം തിങ്കളാഴ്ച പറഞ്ഞു. ഇത് ഫൈബർ ലൈനുകളേയും ഫിക്സഡ്, മൊബൈൽ ഫോൺ സേവനങ്ങളേയും ബാധിച്ചതായും സർക്കാർ അറിയിച്ചു.
ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച പുലർച്ചെയ്‌ക്കും ഇടയിലാണ് ടെലികമ്മ്യൂണിക്കേഷൻ ലൈനുകൾക്ക് തകരാർ സംഭവിച്ചതെന്ന് ഡിജിറ്റൽ മന്ത്രാലയം വ്യക്തമാക്കി. നാശനഷ്ടങ്ങളുടെ കണക്ക് അന്വേഷിച്ച് വരികയാണെന്ന് ടെലികോം വിതരണക്കാർ അറിയിച്ചു.
തകരാറിലായ ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾ നിലവിൽ പുനസ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ ഭരണകൂടവും ടെലികോം ഓപ്പറേറ്റർമാരും സംയുക്തമായാണ് പ്രശ്നം പരിഹരിച്ചത്. കമ്മ്യൂണിക്കേഷൻ ലൈനുകൾക്ക് നേരെ ആക്രമണം നടത്തിയത് തീർത്തും ഭീരുത്വപരമായ നടപടിയാണെന്ന് ഡിജിറ്റൽ മന്ത്രാലയത്തിന്റെ ചുമതല വഹിക്കുന്ന മീറന ഫെറാറി പ്രതികരിച്ചു.
ഒളിമ്പിക്സ് ഉദ്ഘാടന ദിവസം രാജ്യത്തെ റെയിൽവേ ശൃംഖലകളെ താറുമാറാക്കുന്ന വിധത്തിൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടെലികമ്മ്യൂണിക്കേഷൻ സംവിധനത്തിന് നേരെയും ആക്രമണം നടക്കുന്നത്.