ന്യുയോർക്ക്: പിവി അൻവറിന്‍റെ ആരോപണം അതീവ ഗുരുതരമാണെന്നും മുഖ്യമന്ത്രി രാജിവക്കണമെന്നും ഫ്രാൻസിസ് ജോർജ് എം പി ആവശ്യപ്പെട്ടു. അമേരിക്കൻ സന്ദർശനത്തിനിടെ എൻ ആർ ഐ റിപ്പോർട്ടർക്ക് നൽകിയ പ്രതികരണത്തിലാണ് ഫ്രാൻസിസ് ജോർജ് ഇക്കാര്യം ആവശ്യപ്പെട്ടത്. മുമ്പ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരയടക്കം ആരോപണം ഉയർന്നതുപോലെയല്ല. ഇത് അതീവ ഗൗരവതരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അന്ന് ആരോപണം ഉന്നയിച്ചത് സ്വകാര്യ വ്യക്തിയോ മറ്റുള്ളവരോ ആയിരുന്നെങ്കിൽ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഭരണകക്ഷിയിലെ പ്രമുഖനായ എം എൽ എയാണ്. അതുകൊണ്ടുതന്നെ വിഷയം അതീവ ഗൗരവമാണെന്നും ഫ്രാൻസിസ് ജോർജ് വിവരിച്ചു.
ഫ്രാൻസിസ് ജോർജിന്‍റെ വാക്കുകൾ
അൻവറിന്‍റെ ആരോപണങ്ങൾ വലിയ ഗുരുതരമായ വിഷയമാണ്. പി വി അൻവറിനെപ്പോലെ എൽ ഡി എഫും സി പി എമ്മും ഏറ്റവും താലോലിച്ച് കൊണ്ടുനടക്കുന്ന എം എൽ എയാണ് ഈ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തരായ രണ്ട് പേർക്കെതിരെയാണ് ആരോപണം. സ്വർണ കള്ളക്കടത്ത് വരെ നടത്താൻ സംസ്ഥാനത്തിന്‍റെ എ ഡി ജി പിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും സഹായം ചെയ്തു എന്ന് അൻവർ പറയുമ്പോൾ അത് വീണ്ടും മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിനെയും സംശയത്തിന്‍റെ നിഴലിൽ നിർത്തുന്നതാണ്. വളരെ കൃത്യമായ അന്വേഷണം ആവശ്യമാണ്.മുമ്പ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരയടക്കം ആരോപണം ഉയർന്നതുപോലെയല്ല. ഇത് അതീവ ഗൗരവതരമാണ്. അന്ന് ആരോപണം ഉന്നയിച്ചത് പ്രതിയും മറ്റുള്ളവരുമായിരുന്നെങ്കിൽ ഇത്തവണ ആരോപണം ഉന്നയിച്ചിരിക്കുന്നത് ഭരണകക്ഷിയിലെ പ്രമുഖനായ എം എൽ എയാണ്. എന്തുകൊണ്ടാണ് അൻവർ, മുഖ്യമന്ത്രിയെയും സർക്കാരിനെയും ഭരണസംവിധാനത്തെയാകെ പ്രതിസന്ധിയിലാക്കുന്ന ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്നതിന്‍റെ കാരണമെന്താണെന്നത് അറിയണം. ഇത് വ്യക്തമാക്കുന്നത് കാര്യമായ എന്തോ ഉണ്ട് എന്നതാണ്. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നതാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. ഇവരെ സ്ഥാനത്തിരുത്തിയുള്ള അന്വേഷണം പ്രഹസനമാണ്. ഇവരെ മാറ്റിനിർത്തിക്കൊണ്ടുള്ള അന്വേഷണം നടത്തണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.