കൊച്ചി: മാധ്യമ സ്വാതന്ത്ര്യം ഭരണഘടനാപരമായ അവകാശമെന്നും നിയന്ത്രിക്കാനാവില്ലെന്നും വ്യക്തമാക്കി കേരള ഹൈക്കോടതി. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.
ജസ്റ്റിസുമാരായ ഡോക്ടര്‍ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ഡോക്ടര്‍ കൗസര്‍ ഇടപഗത്, സി എസ് സുധ, മുഹമ്മദ് നിയാസ്, വി എം ശ്യാം കുമാര്‍ എന്നിവര്‍ അടങ്ങുന്ന വിശാല ബെഞ്ചിന്റെയാണ് വിധി.
അതേസമയം, ക്രിമിനല്‍ കേസുകളില്‍ ആരെയും കുറ്റക്കാരെന്നോ നിരപരാധിയെന്നോ ചിത്രീകരിക്കുന്ന നിലയില്‍ വാര്‍ത്ത നല്‍കുന്നത് ഒഴിവാക്കണമെന്നും ക്രിമിനല്‍ കേസുകളില്‍ കോടതികളാണ് കുറ്റക്കാരനാണോ എന്ന് തീരുമാനിക്കേണ്ടതെന്നും വിശാല ബെഞ്ച് ഇക്കാര്യം വ്യക്തമാക്കി. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ മാധ്യമങ്ങളില്‍ നിന്നുണ്ടായാല്‍ കോടതിയെ സമീപിക്കാനുളള അവകാശം ഭരണഘടനയും നിയമങ്ങളും നല്‍കുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കാന്‍ ഭരണഘടനാപരമായ മാര്‍ഗമുണ്ടെന്നും കോടതി വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വേണമെന്ന ആവശ്യം അംഗീകരിക്കാതെയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്.