ഫ്രഞ്ച് പാർലമെന്‍റിൽ ഇടതുപക്ഷത്തിന്‍റെ നിർണായക നീക്കം, പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിനെ ഇംപീച്ച് ചെയ്യാൻ പ്രമേയം!

പാരിസ്: ഇക്കഴിഞ്ഞ മാസം നടന്ന ഫ്രാൻസിലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷത്തെ ഒതുക്കാനുള്ള നീക്കത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് അടിതെറ്റിയേക്കും. സർക്കാർ രൂപീകരണത്തിൽ തങ്ങളെ തഴഞ്ഞ ഇമ്മാനുവൽ മാക്രോണിനെതിരെ ഇടതുപക്ഷം പാർലമെന്‍റിൽ നിർണായക നീക്കം തുടങ്ങി. 2027 വരെ കാലാവധിയുള്ള മാക്രോണിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ ഇടതുസഖ്യത്തിലെ അംഗമായ എൽ എഫ് ഐ ഫ്രഞ്ച് പാർലമെന്റിൽ ശ്രമം ഊർജ്ജിതമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ഗ്രീൻസ് എന്നിവ ചേർന്ന ന്യൂ പോപ്പുലർ ഫ്രണ്ട് സഖ്യത്തിന്റെ (എൻ എഫ് പി) ഭാഗമാണ് എൽ എഫ്‌ ഐ. ഇംപീച്ച്‌മെന്റിനായി എൽ എഫ് ഐ പ്രമേയം അവതരിപ്പിക്കുകയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തതായി പാർട്ടി നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞാഴ്ച പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കിടയിൽ ഇടതുപക്ഷം പ്രധാനമന്ത്രിയായി ലൂസി കാസ്റ്റസിനെ നിർദേശിച്ചിരുന്നെങ്കിലും മാക്രോൺ ഇത് നിരസിക്കുകയായിരുന്നു. ഇടത് സഖ്യത്തെ വിമർശിച്ച മാക്രോൺ തീവ്രവലതു പക്ഷവുമായി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതാണ് ഇടത് പക്ഷത്തെ പ്രകോപിപ്പിച്ചത്.

ഫ്രഞ്ച് ഭരണഘടനയുടെ ആർട്ടിക്കിൾ 68 അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനുള്ള കരട് പ്രമേയം ഇന്ന് പാർലമെന്റിലെ അംഗങ്ങളുടെ ഒപ്പിനായി അയച്ചിട്ടുണ്ട്. ജനവിധി അംഗീകരിക്കാൻ പ്രസിഡന്‍റ് വിസമ്മതിക്കുകയാണ്. അതിനാൽ പ്രസിഡന്‍റിനെ പിരിച്ച് വിടണം എന്നാണ് പ്രമേയത്തിലെ ആവശ്യം എന്ന് എക്‌സിൽ പങ്കുവച്ച് പോസ്റ്റിലൂടെ എൽ എഫ് ഐ പാർലമെന്റ് ലീഡർ മറ്റിൽഡെ പാനോട്ട് വ്യക്തമാക്കി.

577 അംഗങ്ങൾ ഉള്ള ഫ്രഞ്ച് പാർമെന്റിൽ 58 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ എൽ എഫ് ഐക്ക് ഇംപീച്ച് പ്രമേയത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിക്കും. നിലവിൽ 72 അംഗങ്ങളാണ് എൽ എഫ് ഐക്ക് സഭയിൽ ഉള്ളത്. ഇതിനാൽ തന്നെ ഇംപീച്ച് പ്രമേയം പാർലമെന്‍റിലെത്താനാണ് സാധ്യത. അങ്ങനെയെങ്കിൽ മക്രോണിന്‍റെ ഭാവി കണ്ടറിയേണ്ടിവരും. തെരഞ്ഞെടുപ്പിൽ ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 190 സീറ്റുകളും മാക്രോണിന്റെ എൻസെംബിൾ 160 ഉം മാരി ലി പെന്നിന്റെ നാഷണൽ റാലി 140 സീറ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാൽ കേവല ഭൂരിപക്ഷമായ 289 സീറ്റുകൾ ഒരു സഖ്യത്തിനും ലഭിക്കാത്തതിനാൽ സർക്കാർ രൂപീകരണ ചർച്ചകൾ നീണ്ടുപോവുകയായിരുന്നു.

More Stories from this section

family-dental
witywide