പാരീസ്: രാജി പ്രഖ്യാപനം നടത്തി ഏറ്റവും പ്രായം കുറഞ്ഞ ഫ്രഞ്ച് പ്രധാനമന്ത്രിയായ ഗബ്രിയേല്‍ അത്താല്‍. തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് രാജിക്കത്ത് കൈമാറുമെന്നും ആവശ്യമുള്ളിടത്തോളം കാലം തന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുമെന്നും ഞായറാഴ്ച അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ ഫ്രാന്‍സിലെ ഇടതുപക്ഷ ന്യൂ പോപ്പുലര്‍ ഫ്രണ്ട് സഖ്യം ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിയതിന് പിന്നാലെയാണ് അത്താല്‍ ഈ അഭിപ്രായപ്രകടനം നടത്തിയത്.
മന്ത്രിസഭ ഉടച്ചുവാര്‍ക്കുന്നതിന്റെ ഭാഗമായി രാജിവച്ച എലീസബറ്റ് ബോണിനു പകരമാണ് 34 വയസ്സുള്ള ഗബ്രിയേല്‍ അത്താലിനെ ഈ വര്‍ഷം ആദ്യം പ്രധാനമന്ത്രിയായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നിയമിച്ചത്. മുമ്പ് വിദ്യാഭ്യാസ മന്ത്രിയായിരുന്നു ഇദ്ദേഹം. തീപ്പൊരി പ്രസംഗങ്ങള്‍ നടത്തി ‘വേഡ് സ്‌നൈപ്പര്‍’ എന്ന് പേരെടുത്ത ആളാണ് ഗബ്രിയേല്‍ അത്താല്‍.