ന്യൂഡൽഹി: ജമ്മു കശ്മീരിലെ കുപ്‌വാര ജില്ലയിൽ നിയന്ത്രണ രേഖയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും നാല് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
ഏറ്റുമുട്ടലിൽ ഒരു പാക്കിസ്ഥാൻകാരൻ കൊല്ലപ്പെട്ടതായും രണ്ട് സൈനികർക്ക് പരുക്കേറ്റതായും സൈന്യം അറിയിച്ചു. 2021 ഫെബ്രുവരിയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിർത്തലിന് മുമ്പ് ഒന്നിലധികം ആക്രമണങ്ങളിൽ ഏർപ്പെട്ടിരുന്ന പാകിസ്ഥാൻ്റെ ബോർഡർ ആക്ഷൻ ടീമിൻ്റെ (ബിഎടി) ആക്രമണമാണിതെന്ന് സ്രോതസ്സുകൾ പറയുന്നു.
‘കാർഗിൽ വിജയ് ദിവസ്’ കഴിഞ്ഞ് ഒരു ദിവസത്തിന് ശേഷമാണ് ആക്രമണം നടന്നത്. കഴിഞ്ഞദിവസം ജമ്മു കശ്മീരിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പാകിസ്ഥാന് ശക്തമായ താക്കീത് നൽകുകയും ഇന്ത്യൻ സൈന്യം എല്ലാ തീവ്രവാദ വെല്ലുവിളികളെയും പരാജയപ്പെടുത്തുമെന്ന് പറയുകയും ചെയ്തതിരുന്നു.
അജ്ഞാതരായ ആളുകളുമായി വെടിവയ്പ്പ് നടന്നതായി ഇന്ത്യൻ സൈന്യം എക്സിലെ പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ പാകിസ്ഥാൻ സൈന്യത്തെയോ ഭീകരരെയോ പേരെടുത്ത് പറഞ്ഞിട്ടില്ല..
“നിയന്ത്രണ രേഖയിലെ മച്ചൽ സെക്ടറിലെ കാംകാരിയിലെ ഫോർവേഡ് പോസ്റ്റിൽ അജ്ഞാതരായ ഉദ്യോഗസ്ഥരുമായി വെടിവയ്പ്പ് നടന്നിട്ടുണ്ട്. ഒരു പാകിസ്ഥാൻകാരൻ കൊല്ലപ്പെട്ടു, നമ്മുടെ രണ്ട് സൈനികർക്ക് പരുക്കേൽക്കുകയും അവരെ ഒഴിപ്പിക്കുകയും ചെയ്തു. പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.”
കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ഈ ആഴ്ച ആദ്യം ഇതേ പ്രദേശത്തെ നിയന്ത്രണ രേഖ സന്ദർശിച്ച് നുഴഞ്ഞുകയറ്റവും ഭീകരാക്രമണങ്ങളും നേരിടാനുള്ള സേനയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു.