തൊഴിൽ നഷ്ടപ്പെട്ട എച്ച്–1ബി വീസക്കാർക്ക് ശുഭവാർത്ത; ഒരു വർഷം യുഎസിൽ താമസിക്കാം, ജോലി ചെയ്യാം

ന്യൂഡൽഹി: ജോലിയിൽ നിന്ന് പിരിച്ചുവിട്ട എച്ച്-1 ബി വിസ ഉടമകൾക്കായി പുതിയ മാർഗനിർദേശങ്ങൾ പ്രഖ്യാപിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്‌സിഐഎസ്). അടുത്തിടെ, ഗൂഗിൾ, ടെസ്‌ല, വാൾമാർട്ട് തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകൾ എച്ച്-1 ബി വിസയിലുള്ള നിരവധി കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന തരത്തിൽ വലിയ പിരിച്ചുവിടലുകൾ നടത്തിയിരുന്നു.

USCIS മാർഗ്ഗനിർദ്ദേശങ്ങൾ തൊഴിൽ നഷ്ടപ്പെട്ടവർക്ക് വിവിധ വഴികൾ ഒരുക്കി നൽകുന്നു. അവരുടെ താമസ കാലാവധി നീട്ടാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നു. ജോലി നഷ്‌ടപ്പെട്ട H-1B വിസയിലുള്ള ഒരാൾക്ക് ആശ്വാസ കാലയളവായ 60 ദിവസത്തിനുള്ളിൽ പുതിയ വീസയ്ക്ക് അപേക്ഷ നൽകിയാലുടൻ ഇനി പുതിയ ജോലി തേടാം.

തൊഴിൽ നഷ്ടപ്പെട്ട വ്യക്തി ഈ കാലയളവിൽ തന്നെ നോൺ ഇമിഗ്രന്റ് പദവി മാറ്റുന്നതിനുള്ള അപേക്ഷയും നൽകണം. പദവിയിൽ ഭേദഗതി വരുത്തുന്നതിനും അപേക്ഷിക്കാം. നിലവിലെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയാൽ ഒരു വർഷത്തെ എംപ്ലോയ്മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റിനും (ഇഎഡി) അർഹത നേടും.

തൊഴിൽ സ്ഥാപനം മാറുന്നതിനും അപേക്ഷ നൽകാം. കുടിയേറ്റ വീസയ്ക്ക് അർഹതയുള്ള ജോലിക്കാർക്ക് അതിനുള്ള അപേക്ഷയും നൽകി പദവിയിൽ മാറ്റം വരുത്താൻ ആവശ്യപ്പെടാം. അപേക്ഷകളിൽ തീരുമാനമാകുംവരെ ഒരു വർഷം ഇഎഡിയിൽ യുഎസിൽ താമസിക്കാനും ജോലി ചെയ്യാനുമാകും.