ഫുട്ബോൾ കളികാണാൻ പോയ 3 പേർ സുഹൃത്തിന്റെ വീട്ടു മുറ്റത്ത് തണുത്തുറഞ്ഞു മരിച്ച നിലയിൽ

അമേരിക്കൻ ഫുട്ബോൾ ടീമായ കൻസസ് സിറ്റി ചീഫിന്റെ മൂന്ന് ആരാധകർ ജനുവരി 7-ന് ലോസ് ഏഞ്ചൽസ് ചാർജേഴ്സിനെതിരായ മത്സരം കാണാൻ പോയതായിരുന്നു. മൽസര ശേഷം കൻസസിലെ 5200 ബ്ലോക്ക് NW 83rd ടെറസിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയ മൂവരേയും വീട്ടു മുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തി. കൊടും തണുപ്പിൽ തണുത്തുറഞ്ഞാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. റിക്കി ജോൺസൺ, ക്ലെയ്‌റ്റൺ മക്‌ഗീനി, ഡേവിഡ് ഹാരിങ്‌ടൺ എന്നിവരാണ് മരിച്ചത്. ഇവർ മൂവരും സ്കൂൾകാലം തൊട്ടേ സുഹൃത്തുക്കളായിരുന്നു.

തങ്ങളുടെ പ്രിയപ്പെട്ട ഫുട്ബോൾ ടീം പതിവ് സീസണിലെ അവസാന മത്സരം കളിക്കുന്നത് കാണാൻ കൻസസിലുള്ള സുഹൃത്ത് ജോർദാൻ വില്ലിസിൻ്റെ വാടക വീട്ടിൽ ജനുവരി 7 ന് ഉച്ചതിരിഞ്ഞ് ഇവർ ഒത്തുകൂടുകയായിരുന്നു.

അതിനു ശേഷം രണ്ടു ദിവസമായിട്ടും ഇവരെ കുറിച്ച് വിവരം ഒന്നും ലഭിക്കാത്തതിനെ തുടർന്ന് മരിച്ച ഒരാളുടെ പ്രതിശ്രുത വധു അന്വേഷണം നടത്തുകയും ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. എന്നാൽ ഇവരുടെ സുഹൃത്ത് ജോർദാൻ വില്ലീസ് വീടിനുള്ളിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു. പൊലീസ് വന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടപ്പോൾ കയ്യിൽ ഒഴിഞ്ഞ വൈൻഗ്ലാസുമായി ഇയാൾ വന്ന് വാതിൽ തുറക്കുകയായിരുന്നു.

ഇയാളെ സന്ദർശിച്ചു മടങ്ങിയ 3 കൂട്ടുകാർ വീടിന്റെ പിന്നിലെ മുറ്റത്ത് മരിച്ചു കിടക്കുന്നത് അയാൾ അറിഞ്ഞിരുന്നില്ല. ഇയാളുടെ വീട്ടിൽ വച്ച് ഒരു പാർട്ടി നടന്നിരുന്നു. അതിനു ശേഷം ഇവർ മൂവരും വീട്ടിൽ നിന്ന് ഇറങ്ങിയതു മാത്രമേ ഇയാൾക്ക് ഓർമയുള്ളു. പിന്നീട് ഇയാൾ നീണ്ട ഉറക്കത്തിലായിരുന്നു. പൊലീസ് വന്ന് വിളിച്ചപ്പോഴാണ് ഉണർന്നത്. ഇത് ഒരു കൊലപാതകമായി പൊലീസ് കരുതുന്നില്ല. കൂടുതൽ അന്വേഷണങ്ങൾക്ക് ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Friend didn’t know 3 Kansas City men were dead in backyard due to Hypothermia