യുഎന്നിൽ പലസ്തീന്റെ സമ്പൂർണ അംഗത്വം: രക്ഷാസമിതിയുടെ പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക

ഹേഗ്: ഐക്യരാഷ്ട്രസഭയില്‍ പലസ്തീന് പൂര്‍ണ അംഗത്വം നല്‍കുന്നതിനായി യുഎന്‍ രക്ഷാ സമിതി അവതരിപ്പിച്ച പ്രമേയം വീറ്റോ ചെയ്ത് അമേരിക്ക. പലസ്തീന് യുഎന്നില്‍ അംഗത്വം നല്‍കുന്ന പ്രമേയത്തിന് 12 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു.

അൾജീരിയയാണ് കരട് പ്രമേയം അവതരിപ്പിച്ചത്. 15 അംഗ കൗൺസിലിൽ 12 രാജ്യങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. അൾജീരിയ, മൊസാബിക്, സിയറ ലിയോൺ, ഗയാന, ഇക്വഡോർ, റഷ്യ, ചൈന, ഫ്രാൻസ്, സ്ളോവേനിയ, മാൾട്ട, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ എന്നീ രാജ്യങ്ങളാണ് അനുകൂലമായി വോട്ട് ചെയ്തത്. ബ്രിട്ടനും സ്വിറ്റ്സർലാൻഡും വിട്ടുനിന്നു.

രാഷ്ട്രങ്ങളുടെ സമൂഹത്തിൽ പലസ്തീൻ അതിൻ്റെ ശരിയായ സ്ഥാനം നേടേണ്ട സമയമാണിതെന്ന് വോട്ടെടുപ്പിന് മുമ്പ് യുഎന്നിലെ അൾജീരിയയുടെ പ്രതിനിധി അമർ ബെൻഡ്ജാമ പറഞ്ഞു. യുഎൻ അംഗത്വം നേടുന്നത് പലസ്തീൻ്റെ സ്വയം നിർണ്ണയാവകാശത്തിൻ്റെ അടിസ്ഥാനപരമായ പ്രകടനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.