കോഴിക്കോട്: ഒടുവിൽ ഓർമകളുടെ നിത്യതയിലേക്ക് അർജുൻ യാത്രയായി. കർണാടകയിലെ ഷിരൂരിലെ ഗംഗാവലി പുഴയിലേക്ക് മണ്ണിടിഞ്ഞു വീണ് ലോറിയോടൊപ്പം കാണാതായി 72–ാം ദിവസം പുഴയിൽനിന്നു വീണ്ടെടുത്ത അർജുന്റെ (32) മൃതദേഹം കണ്ണാടിക്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.
കണ്ണാടിക്കൽ മൂലാടിക്കുഴിയിലെ വീടിന്റെ മുറ്റത്ത് മതിലിനോട് ചേർന്ന് ഒരുക്കിയ ചിതയിലാണ് സംസ്കാരച്ചടങ്ങുകൾ നടത്തിയത്. 11.20 വരെ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ മന്ത്രിമാരും എം.എൽ.എമാരും ജനപ്രതിനിധികളുമടക്കം നിരവധി പേർ അന്തിമോപചാരമർപ്പിച്ചു. അനിയൻ അഭിജിത്തും ബന്ധുക്കളും അന്ത്യകർമങ്ങൾ നടത്തി. 11.45ന് അർജുന്റെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി.
മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ ബി ഗണേഷ് കുമാര്‍, എം കെ രാഘവന്‍ എംപി, കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, അര്‍ജുനായി രക്ഷാപ്രവര്‍ത്തനം നടത്തിയ ഈശ്വര്‍ മാല്‍പെ ഉള്‍പ്പെടെ നിരവധി പേര്‍ അര്‍ജുന് അന്ത്യമോപചാരം അര്‍പ്പിച്ചു. അര്‍ജുന്‍ ഏറെ ആഗ്രഹിച്ച് നിര്‍മിച്ച വീടിന് സമീപം ഒരുക്കിയ ചിതയില്‍ മൃതദേഹം സംസ്‌കരിച്ചു.
ജൂലൈ എട്ടിന് വീട്ടിൽനിന്നിറങ്ങിയ അർജുൻ, 16നാണ് ഷിരൂർ ദേശീയപാതയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞത്. 72 നാളിന് ശേഷം ഗംഗാവാലി പുഴയിൽനിന്ന് കണ്ടെടുത്ത മൃതദേഹം കാർവാറിലെ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വെള്ളിയാഴ്ച വൈകീട്ട് ഡി.എൻ.എ പരിശോധാഫലം വന്നതിന് പിന്നാലെയാണ് ഭൗതികശരീരം കുടുംബത്തിന് കൈമാറിയത്.
കൂലിപ്പണിക്കാരനായ അച്ഛന്‍, അമ്മ രണ്ടു സഹോദരിമാര്‍ ഒരു അനിയന്‍ ഇവരുടെയെല്ലാം ആശ്രയമായിരുന്നു അര്‍ജുന്‍. ആംബുലന്‍സ് വീട്ടിലേക്ക് എത്തിയപ്പോഴേക്കും വലിയൊരു ജനസാഗരമാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. വാര്‍ത്തകളിലൂടെ മാത്രം അര്‍ജുനെ കണ്ട് പരിചയമുള്ള നൂറുകണക്കിനാളുകളാണ് ഹൃദയം നുറുങ്ങി കണ്ണാടിക്കലിലെ വീട്ടിൽ അർജുന്റെ അന്ത്യയാത്രയ്ക്ക് സാക്ഷ്യം വഹിച്ചത്.