പുത്തന്‍കുരിശ്: ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസാഗരം ഒഴുകിയെത്തി. നല്ല ഇടയന് യാത്രയയപ്പ് നല്‍കാന്‍ പുത്തന്‍കുരിശിലെ സഭ ആസ്ഥാനത്തിന് സമീപത്തുള്ള കത്തീഡ്രലില്‍ ആയിരങ്ങളാണ് എത്തിയത്. യാക്കോബായ സഭയുടെ പ്രാദേശിക തലവനും ശ്രേഷ്ഠ കാതോലിക്കയുമായ ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ സംസ്‌കാര ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി അടക്കം ചെയ്തു. പുത്തന്‍കുരിശിലെ സഭാ ആസ്ഥാനത്തോട് ചേര്‍ന്നുള്ള മാര്‍ അത്തനേഷ്യസ് കത്തീഡ്രലില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലായിരുന്നു സംസ്കാരം.
സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മെത്രാപ്പോലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസിന്റെ കാര്‍മികത്വത്തിലായിരുന്നു കബറടക്കം. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി. പ്രസാദ്, കെ.സി. വേണുഗോപാല്‍, ജോസ് കെ. മാണി, കെ. സുധാകരന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിക്കാന്‍ സഭാ ആസ്ഥാനത്തെത്തിയിരുന്നു.
അതേസമയം ശ്രേഷ്ഠ ബാവ തയ്യാറാക്കിയ വില്‍പത്രത്തില്‍ തന്റെ പിന്‍ഗാമിയായി ജോസഫ് മാര്‍ ഗ്രിഗോറിയോസ് വരണമെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശ്രേഷ്ഠ ബാവയുടെ പിന്‍ഗാമി ആയേക്കും.