വാറങ്കൽ: വർഗീയ പരാമർശങ്ങൾക്കെതിരെ കോൺഗ്രസ് പാർട്ടിയെയും അതിൻ്റെ മുതിർന്ന നേതാവ് സാം പിത്രോദയെയും വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. അത്തരം അഭിപ്രായങ്ങൾ രാജ്യത്തിൻ്റെ ഐക്യത്തിന് ഹാനികരമാകുമെന്ന് മോദി പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ യുഎസിൽ താമസിക്കുന്ന അമ്മാവനും വഴികാട്ടിയും തത്ത്വചിന്തകനുമായ വ്യക്തി നടത്തിയ പരാമർശത്തിൽ തനിക്ക് ദേഷ്യമുണ്ടെന്ന് തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി മോദി പറഞ്ഞു.
നിറത്തിൻ്റെ പേരിൽ ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നത് രാജ്യം വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നെ അപമാനിച്ചോളൂ, പക്ഷേ ഇന്ത്യക്കാരെ നിറത്തിന്റെയും വര്‍ണത്തിന്റെയും പേരില്‍ അപമാനിക്കരുത്. അത് ഈ രാജ്യവും ഞാനും സഹിക്കില്ല. കോണ്‍ഗ്രസിലെ ഒരു മുതിര്‍ന്ന നേതാവാണ് ഇത്തരത്തില്‍ വംശീയ പരാമര്‍ശം നടത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ‘രാജകുമാരന്‍’ രാഹുല്‍ ഗാന്ധി അതിന് മറുപടി പറഞ്ഞേ മതിയാവൂ, മോദി ആവശ്യപ്പെട്ടു.
വൈവിധ്യങ്ങള്‍ക്കിടയിലും ഇന്ത്യ എത്ര നന്നായാണ് ജനാധിപത്യം കാത്തുസൂക്ഷിക്കുന്നതെന്ന് വിവരിക്കുന്നതിനിടയിലായിരുന്നു പിത്രോദയുടെ വിവാദ പരാമര്‍ശം. ഇന്ത്യയുടെ കിഴക്കന്‍ മേഖലയിലുള്ളവര്‍ ചൈനക്കാരെ പോലെയും പടിഞ്ഞാറുള്ളവര്‍ അറബികളെ പോലെയും വടക്കുള്ളവര്‍ വെള്ളക്കാരെ പോലെയും ദക്ഷിണേന്ത്യയില്‍ ഉള്ളവര്‍ ആഫ്രിക്കക്കാരെ പോലെയുമാണെന്നാണ് സാം പിത്രോദ പറഞ്ഞത്.