ആലപ്പുഴ: എംടി വാസുദേവന്‍ നായര്‍ പറഞ്ഞത് ഒരാളെ പറ്റിയാണോ പലരെ കുറിച്ചാണോ എന്ന് പല തര്‍ക്കമുണ്ടെന്ന് മുന്‍ മന്ത്രി ജി സുധാകരന്‍. മന്ത്രിമാരിലും വ്യത്യസ്ത അഭിപ്രായമാണ്. ഉണ്ടെങ്കില്‍ പരിശോധിക്കണമെന്നു പറയേണ്ട കാര്യമില്ല. എംടി ജനങ്ങളോടാണ് പറഞ്ഞത്. ഉടനെ കേരളത്തില്‍ എന്തോ ഒരു ആറ്റംബോംബ് വീണു എന്ന നിലയില്‍ ചര്‍ച്ച ചെയ്യുന്നത് അപക്വമാണ്. ഞാന്‍ പറയുന്നതെല്ലാം പാര്‍ട്ടി നയമാണ്. അതാണ് ഭരണവും സമരവും എന്ന് ഇഎംഎസ് പറഞ്ഞത്. അത് ഒരു കാലത്തും കാലഹരണപ്പെട്ടിട്ടില്ലെന്ന് സുധാകരന്‍ പറഞ്ഞു.
എംടി എന്തോ പറഞ്ഞപ്പോള്‍ ചിലര്‍ക്കൊക്കെ ഭയങ്കര ഇളക്കമെന്നും ജി സുധാകരന്‍ പറഞ്ഞു. ‘എംടി വാസുദേവന്‍ നായര്‍ പറഞ്ഞതിന് പിന്നാലെ കേരളത്തിലെ സാഹിത്യകാരന്‍മാര്‍ ഓരോരുത്തരുമായി പറഞ്ഞു തുടങ്ങുകയാണ്. ഇവരൊന്നും ഇതുവരെ എന്തേ മിണ്ടാതിരുന്നത്. അതുതന്നെ ഭീരുത്വമാണ്. ഇപ്പോള്‍ പറയുന്നത് ഷോയാണ്. ആത്മാര്‍ഥതയില്ലാതെ പറയുകയാണ്. അതൊക്കെ വിപ്ലവമാണെന്നാണ് ചിലര്‍ കരുതുന്നത്. എംടി അദ്ദേഹത്തിന്റെ അഭിപ്രായം പറഞ്ഞത് നല്ല കാര്യം. ഭരണം കൊണ്ടുമാത്രം ജനകീയ പ്രശ്നങ്ങള്‍ തീരില്ല എന്നാണ് ഇഎംഎസ് പറഞ്ഞതിന്റെ അര്‍ഥം. അത് മാര്‍ക്സിസം ആണ്. പഠിച്ചവര്‍ക്കേ അറിയൂ. വായിച്ചു പഠിക്കണം.’ എന്നും ജി സുധാകരന്‍ പറഞ്ഞു.