തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി നടനും മന്ത്രിയുമായ കെ.ബി. ഗണേഷ് കുമാര്‍. തന്നില്‍ ഔഷധഗുണമൊന്നും ഇല്ലെന്നും തന്നെ വെറുതേ വിട്ടേക്കൂ എന്നും പറഞ്ഞ ഗണേഷ് കുമാര്‍, ഇക്കാര്യത്തില്‍ അഭിപ്രായം പറയില്ലെന്നും വ്യക്തമാക്കി. ചട്ടമ്പിസ്വാമിയുടെ ജന്മദിനത്തോടനുബന്ധിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് കേരളത്തിന്റെ സാംസ്‌കാരികമന്ത്രിയാണ്. അദ്ദേഹം നിങ്ങള്‍ക്ക് കൃത്യമായ വിവരങ്ങള്‍ തരുന്നുണ്ട്. ഞാന്‍ ഗതാഗത മന്ത്രിയാണ്. കഴിഞ്ഞ 23 വര്‍ഷമായി നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) എന്നെ വേട്ടയാടുകയാണ്. എന്നെ വിട്ടേക്കൂ. എന്നില്‍ ഔഷധമൂല്യമില്ല. എന്നെ ഉപദ്രവിക്കരുത് എന്റെ പുറകേ നടക്കണ്ട. ഞാന്‍ ഇതിനേപ്പറ്റി അഭിപ്രായം പറയില്ല. നല്ലതും പറയില്ല, ചീത്തയും പറയില്ല. അത് ശരിയല്ല. ഇതിനകത്ത് ചോദ്യങ്ങള്‍ വേണ്ട,” ഗണേഷ് കുമാര്‍ പറഞ്ഞു.
“ഒരാളെ ഉപദ്രവിക്കുന്നതിന് ഒരു മര്യാദയുണ്ട്. ഞാൻ ഒന്നിനും വരുന്നില്ലല്ലോ. വാർത്താസമ്മേളനം വിളിക്കുന്നില്ല, ആരെയും കാണുന്നുമില്ല. ജനങ്ങൾക്കുവേണ്ടി ഞാൻ ജോലി ചെയ്യുന്നുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ടു സർക്കാരിന്റെ നയം മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും വ്യക്തമാക്കിയതാണ്. നിയമം നിയമത്തിന്റെ വഴിയിൽ പോകുമെന്നാണ് ഇടതുപക്ഷ സർക്കാരിന്റെ നിലപാട്. ആരെയും സഹായിക്കാൻ ഞങ്ങളില്ല,” ഗണേഷ് പറഞ്ഞു.