
ന്യൂഡല്‍ഹി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും ഗുണ്ടാ നേതാക്കളുമായ ‘റിവോള്‍വര്‍ റാണി’ എന്ന അനുരാധ ചൗധരിയും ഗ്യാങ്സ്റ്റര്‍ സന്ദീപ് എന്ന കലാ ജാതേഡിയും അതീവ സുരക്ഷയില്‍ ദ്വാരകയില്‍വെച്ച് വിവാഹിതരായി. ജയില്‍ ശിക്ഷ അനുഭവിക്കുന്ന സന്ദീപിന് വിവാഹത്തിനായി ആറുമണിക്കൂര്‍ പരോളാണ് അനുവദിച്ചത്.
ജാമ്യം കിട്ടി ജയിലില്‍ നിന്നിറങ്ങിയ അനുരാധ രാജസ്ഥാനിലെ കുപ്രസിദ്ധ ഗുണ്ടാത്തലവനായിരുന്ന അനന്ത്പാല്‍ സിങ്ങിന്റെ സംഘത്തിലെ പ്രധാനിയാണ്. ഇംഗ്ലീഷ് സംസാരിക്കാനും എകെ 47 തോക്ക് കൈകാര്യം ചെയ്യാനുമുള്ള കഴിവാണ് അനുരാധയെ പ്രണയിക്കാന്‍ കാരണമെന്ന് സന്ദീപ് മുമ്പ് പറഞ്ഞിരുന്നു.
ദ്വാരക സെക്ടര്‍-3ലെ സന്തോഷ് ഗാര്‍ഡന് ചുറ്റുമുള്ള വിവാഹ വേദിയില്‍ 250-ലധികം പോലീസുകാരുടെ സുരക്ഷയിലായിരുന്നു വിവാഹം. വേദിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ നിരീക്ഷണത്തിനായി ഡ്രോണുകളും ഉപയോഗിച്ചു. സന്ദീപിന്റെ അഭിഭാഷകന്‍ 51,000 രൂപ നല്‍കിയാണ് വേദി ബുക്ക് ചെയ്തത്. ഹരിയാനയിലെ സോനിപത്തില്‍ നിന്ന് വിവാഹ വേദിയിലേക്ക് ഒരു എസ്യുവിയിലാണ് മാഡം മിന്‍സ് എന്നറിയപ്പെടുന്ന അനുരാധ ചൗധരി എത്തിയത്.
കൊലപാതക കേസുകളടക്കം 76 കേസുകളാണ് വരന്‍ കലാ ജാതേഡിനെതിരെ ചുമത്തിയിരിക്കുന്നത്. 2021-ല്‍ അറസ്റ്റ് ചെയ്യപ്പെട്ട ഇയാളുടെ തലയ്ക്ക് ഏഴു ലക്ഷം രൂപ വിലയിട്ടിരുന്നു. ഇപ്പോള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലിലാണ് ഇയാള്‍ കഴിയുന്നത്. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ വേദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നാല് ഘട്ടങ്ങളിലായുള്ള സുരക്ഷാ പരിശോധനയ്ക്ക് വിധേയരാകേണ്ടി വന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ ബന്ധുക്കള്‍ക്ക് പോലും അവരുടെ തിരിച്ചറിയല്‍ രേഖകള്‍ കാണിക്കേണ്ടി വന്നു. മാത്രമല്ല, രേഖകള്‍ പരിശോധിക്കുന്ന പോലീസ്, അതിഥികളുടെ പട്ടികയില്‍ അവരുടെ പേരുകളുമായി ഒത്തുനോക്കി വന്നത് ശരിയായ ആളുകള്‍ തന്നെയെന്ന് ഉറപ്പുവരുത്തിയിട്ടേ പ്രവേശനം അനുവദിച്ചുള്ളൂ. പരിപാടിയില്‍ മൊബൈല്‍ ഫോണ്‍ പോലും അനുവദിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കുപ്രസിദ്ധ ഗുണ്ടകളായതുകൊണ്ടും ഏതു വിധേനയും പൊലീസിന്റെ കണ്ണുവെട്ടിച്ച് കടന്നുകളയുമെന്ന ഭീതി ഉള്ളതുകൊണ്ടും അതീവ സുരക്ഷയിലായിരുന്നു പൊലീസിന്റെ ഓരോ നീക്കവും.
Gangster leaders got married in high security