നെയ്‌റോബി: കെനിയൻ തലസ്ഥാനമായ നെയ്‌റോബിയിൽ ഗ്യാസ് നിറച്ച ട്രക്ക് പൊട്ടിത്തെറിച്ചുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് പേർ മരിക്കുകയും 200 ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ട്രക്ക് പൊട്ടിത്തെറിച്ചത് വലിയ തീപിടിത്തത്തിന് വഴിയൊരുക്കിയെന്നും തീ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുവെന്നും സർക്കാർ വക്താവ് ഐസക് മൈഗുവ മ്വാറ വെള്ളിയാഴ്ച പറഞ്ഞു.
പരിസരത്തുള്ള ചെറുകിട ഇടത്തരം വ്യവസായങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾക്കും വാണിജ്യ സ്ഥാപനങ്ങൾക്കും കേടുപാടുകൾ വരുത്തി. അപകടത്തെ തുടർന്ന് വീടുകൾക്കും തീപിടിച്ചു. രാത്രി ഏറെ വൈകിയതിനാൽ ധാരാളം താമസക്കാർ വീടുകളിൽ തന്നെയുണ്ടായിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.
300 ഓളം പേർക്ക് പരിക്കേറ്റതായി കെനിയൻ റെഡ് ക്രോസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. നെയ്‌റോബിയിലെ എംബകാസി അയൽപക്കത്തുള്ള ഒരു ഗ്യാസ് റീഫില്ലിംഗ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.