വിവാഹം കളറാക്കാന്‍ ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്തവരുടെ കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. വിവാഹമെന്ന ചടങ്ങിനായി വധുവിനും വരനും പ്രിയപ്പെട്ട ഇടം തിരഞ്ഞെടുക്കുക എന്നതും ചിലര്‍ക്കെങ്കിലും വെല്ലുവിളിയാണ്. ചിലപ്പോഴൊക്കെ ദമ്പതികളുടെ കൂട്ടുകാരും ഇതിനായി നെട്ടോട്ടമോടാറുണ്ട്. ചിലവേറുന്നതും പലര്‍ക്കും വെല്ലുവിളിയാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും ഇടം പിടിക്കുകയാണ് ഒരു ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ്. മധ്യപ്രദേശിലെ ഗ്വാളിയോറിലെ ഗൗശാല (പശു സംരക്ഷണ കേന്ദ്രം)യാണ് നവദമ്പതികളെ പുതിയ ജീവിതത്തിലേക്ക് കൈപിടിച്ചുകൊടുക്കാന്‍ ഇടമൊരുക്കി കാത്തിരിക്കുന്നത്.
പരമ്പരാഗതവും പരിസ്ഥിതി സൗഹൃദവുമായ രീതിയില്‍ വിവാഹം കഴിക്കാനുള്ള അവസരം ദമ്പതികള്‍ക്ക് വാഗ്ദാനം ചെയ്യുകയാണിവിടെ. ആദര്‍ശ് ഗോശാലയാണ് വിവാഹവേദിയൊരുക്കുന്നത്. ഇതിനായി 20 ലക്ഷം രൂപ ചെലവില്‍ ഒരു സാംസ്‌കാരിക പവലിയന്‍ നിര്‍മ്മിച്ചു. ഇവിടെ ജനുവരി 22 ന് ആദ്യ വിവാഹം നടക്കും. വേദമന്ത്രങ്ങള്‍ ഉരുവിട്ട് പരമ്പരാഗതരീതിയിലുള്ള വിവാഹമാണ് ഗോശാലയില്‍ നടക്കുക. രാജ്യത്ത് ഇതാദ്യമായാണ് ഒരു പശുത്തൊഴുത്ത്, ഡെസ്റ്റിനേഷന്‍ വിവാഹത്തിന്റെ വേദിയാകുന്നത. 10 ഓളം വിവാഹങ്ങള്‍ക്ക് ഇതിനോടകം ബുക്കിംഗും ലഭിച്ചിട്ടുണ്ട്.
വേദിയില്‍ 500 പേര്‍ക്കുവരെ പങ്കെടുക്കാനാകുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. മാത്രമല്ല, വൈദ്യുതി പോലുള്ള ചെലവുകള്‍ ലാഭിക്കാന്‍ പകല്‍ നേരങ്ങളിലാണ് വിവാഹ ചടങ്ങുകള്‍ നടത്തുക. വേദങ്ങള്‍ ഉരുവിട്ട് മതാചാര്യന്മാരുടെ നേതൃത്വത്തിലാകും വിവാഹം. വിവാഹം നടത്തുന്ന കുടുംബങ്ങള്‍ അതിഥികള്‍ക്ക് ഭക്ഷണം വിളമ്പുന്നതിന് മുമ്പ് പശുക്കള്‍ക്ക് പച്ചപ്പുല്ല് നല്‍കണം എന്നതും പ്രത്യേകതയാണ്. ഒരു ഇവന്റിന് 2-3 ലക്ഷം രൂപ വരെ ചെലവ് വരും. യുവതലമുറയെ ഇന്ത്യന്‍ പാരമ്പര്യങ്ങളുമായി വീണ്ടും ബന്ധിപ്പിക്കുക എന്നതാണ് ഈ ആശയം ലക്ഷ്യമിടുന്നതെന്ന് ഗോശാല അധികൃതര്‍ വിശദീകരിച്ചു.
വിവാഹശേഷം വധുവിനെ ആഡംബരകാറിനു പകരം കാളവണ്ടിയിലായിരിക്കും യാത്രയാക്കുക. ഇതിനുള്ള കാളവണ്ടിയും ഗോശാല അധികൃതര്‍ തയ്യാറാക്കിയിട്ടുണ്ട്.