ഗാസ വെടിനിര്‍ത്തല്‍: യുഎന്‍ രക്ഷാസമിതിയുടെ പ്രമേയത്തെ സ്വാഗതം ചെയ്ത് ഹമാസ്

കെയ്റോ: ഇസ്രയേല്‍ – ഹമാസ് യുദ്ധം തകര്‍ത്ത് തരിപ്പണമാക്കിയ ഗാസയില്‍ വെടിനിര്‍ത്തലിനുള്ള നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്ന യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു. പദ്ധതിയുടെ തത്വങ്ങള്‍ നടപ്പാക്കുന്നതിന് മധ്യസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. ഗാസയിലെ സ്ഥിരമായ വെടിനിര്‍ത്തല്‍, സമ്പൂര്‍ണ പിന്‍വലിക്കല്‍, തടവുകാരുടെ കൈമാറ്റം, പുനര്‍നിര്‍മ്മാണം, കുടിയൊഴിപ്പിക്കപ്പെട്ടവരെ അവരുടെ വാസസ്ഥലങ്ങളിലേക്ക് തിരികെ കൊണ്ടുവരല്‍, തുടങ്ങിയ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നവയെ ഹമാസ് സ്വാഗതം ചെയ്തു.

‘നമ്മുടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കും ചെറുത്തുനില്‍പ്പിനും അനുസൃതമായ’ തത്വങ്ങള്‍ നടപ്പിലാക്കുന്നതിന് പരോക്ഷമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്നാണ് ഹമാസ് അറിയിച്ചത്. ഗാസയില്‍ വെടിനിര്‍ത്തലിന് പ്രസിഡന്റ് ജോ ബൈഡന്‍ നല്‍കിയ നിര്‍ദ്ദേശത്തെ പിന്തുണച്ച് യു.എന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച യുഎസ് തയ്യാറാക്കിയ പ്രമേയം അംഗീകരിച്ചു. എന്നാല്‍ റഷ്യ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 14 കൗണ്‍സില്‍ അംഗങ്ങള്‍ അനുകൂലിച്ചു. കൗണ്‍സില്‍ അംഗങ്ങള്‍ക്കിടയില്‍ ആറ് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷം ഞായറാഴ്ചയാണ് യുഎസ് അതിന്റെ തീരുമാനം അന്തിമമാക്കിയത്.