ന്യൂഡല്‍ഹി: ക്ഷാമവും പട്ടിണിയും ദുരിതങ്ങളും ഒഴിവാക്കാന്‍ ഗാസയിലേക്ക് തടസ്സമില്ലാതെ അടിയന്തരമായി സഹായം എത്തിക്കാന്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇസ്രായേലിനോട് ഉത്തരവിട്ടു. ആഴ്ചകള്‍ക്കുള്ളില്‍ ഗാസയില്‍ ക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണിത്.
അതേസമയം, സഹായം തടയുന്നുവെന്ന ആരോപണങ്ങള്‍ പൂര്‍ണമായും അടിസ്ഥാനരഹിതമാണെന്ന് ഇസ്രായേല്‍ ആരോപിച്ചു. കോടതി ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് ഇസ്രായേലി വിദേശകാര്യ മന്ത്രാലയം, യുഎന്നുമായി ചേര്‍ന്ന് ഗാസയിലേക്ക് ‘കര, വായു, കടല്‍’ വഴി തുടര്‍ച്ചയായി സഹായം അനുവദിക്കുമെന്നും പുതിയ സഹായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും പ്രവര്‍ത്തിക്കുകയാണെന്നും വ്യക്തമാക്കി.
ഗാസയിലെ വംശഹത്യ തടയാന്‍ എല്ലാ നടപടികളും സ്വീകരിക്കാന്‍ ജനുവരിയില്‍ ഇസ്രായേലിന് നല്‍കിയ ഉത്തരവ് ശക്തിപ്പെടുത്താന്‍ ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പുതിയ വിധി. ഐക്യരാഷ്ട്രസഭയുടെ 1948-ലെ വംശഹത്യ കണ്‍വെന്‍ഷനില്‍ ഒപ്പുവെച്ചതിനാല്‍ വംശഹത്യ തടയാന്‍ പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്ന് ദക്ഷിണാഫ്രിക്ക പറഞ്ഞു. മാത്രമല്ല, ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടിയെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.