
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ മലയാള സിനിമയിലെ മോശം അനുഭവങ്ങൾ വെളിപ്പെടുത്തി കൂടുതൽ നടിമാർ രംഗത്ത്. സിനിമയിൽ ധാരാളം മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ഗീത വിജയന്നും നിഹാരികയുമാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. സംവിധായകന്‍ തുളസി ദാസില്‍ നിന്നാണ് മോശം അനുഭവം ഉണ്ടായതെന്ന് ഗീത വിജയൻ വെളിപ്പെടുത്തി. ചാഞ്ചാട്ടം സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ദുരനുഭവം ഉണ്ടായതെന്ന് നടി പറഞ്ഞു.
ആദ്യമായി ദുരനുഭവം ഉണ്ടായത് ഒരു സംവിധായകന്‍ തുളസിദാസില്‍ നിന്നാണ്. 1991ലാണത്. ലൊക്കേഷനില്‍ വച്ച് തന്റെ റൂമിന് മുന്നില്‍ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. ‘എനിക്ക് ഇത്തരം അനുഭവങ്ങള്‍ ഉണ്ടായപ്പോള്‍ തന്നെ ഞാന്‍ പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ പലരുടെയും മുന്നില്‍ കരടാണ്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങള്‍ നഷ്ടമായിട്ടുണ്ട്. അത് അറിയാമായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാന്‍ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നേ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കില്‍ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്തവിളിച്ചിട്ടുണ്ട്’ – ഗീത വിജയന്‍ പറഞ്ഞു.
നേരത്തെ നടി ശ്രീ ദേവികയും തുളസി ദാസിനെതിരെ വെളിപ്പെടുതലുമായി രംഗത്തെത്തിയിരുന്നു. 2006-ൽ അവൻ ചാണ്ടിയുടെ മകൻ സിനിമയുടെ സെറ്റിൽ വെച്ച് തനിക്ക് ദുരനുഭവം ഉണ്ടായെന്നാണ് നടി ശ്രീദേവിക വെളിപ്പെടുത്തിയാത്. സംവിധായകൻ രാത്രി ഹോട്ടൽ മുറിയിലെ കതകിൽ തുടർച്ചയായി മുട്ടി വിളിച്ചുവെന്നും അവർ വ്യക്തമാക്കുന്നു. മൂന്നോ നാലോ ദിവസം കതകിൽ മുട്ടി. റിസപ്ഷനിൽ അറിയിച്ചപ്പോൾ സംവിധായകനാണ് മുട്ടിയതെന്ന് പറഞ്ഞുവെന്നും നടി പറഞ്ഞു.
എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച് തുളസിദാസ് രംഗത്തെത്തി. സന്തോഷത്തോടെ ഷൂട്ടിങ് അവസാനിപ്പിച്ച് പോയവരാണ് രണ്ട് പേരും. ഇപ്പോൾ എന്തിനാണ് അനാവശ്യ ആരോപണം ഉന്നയിക്കുന്നത് എന്ന് അറിയില്ല. ഗീത വിജയൻ എവിടെ കണ്ടാലും നന്നായി സംസാരിക്കുന്നയാളാണ്. ശ്രീദേവികയുടെ ആരോപണവും അടിസ്ഥാനരഹിതമാണ്. അവരെ വഴക്ക് പറഞ്ഞിരുന്നു. അതിന്റെ ദേഷ്യമാണോ ആരോപണത്തിന് പിന്നിലെന്ന് അറിയില്ലെന്നും തുളസീദാസ് പറഞ്ഞു.