വയനാട്ടിലെ ദുരന്ത മുഖത്ത് രക്ഷക്കായി കരസേനയും നാവികസേനയും വ്യോമസേനയും എത്രയും വേഗം എത്തുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ദക്ഷിണേന്ത്യയിലെ എല്ലാ സ്റ്റേഷനുകളിലും അലേർട്ട് നൽകിയിട്ടുണ്ട്. എൻ.ഡി.ആർ.എഫ് ടീമുകൾ കേരളത്തിന് പുറത്ത് നിന്നും എത്തും. എല്ലാ കേന്ദ്ര സേനകളോടും ഇടപെടാൻ നിർദേശിച്ചിട്ടുണ്ട്. കേന്ദ്രത്തിൻ്റെ പ്രതിനിധി വയനാട്ടിലേക്ക് ഉടനെത്തുമെന്നും അദ്ദേഹം പ്രതികരിച്ചു.
അതേസമയം വയനാട്ടിൽ മരണസംഖ്യ ഉയരുകയാണ്. 43 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എൻഡിആർഎഫ് സംഘം രക്ഷാദൗത്യത്തിനായി മുണ്ടക്കൈയിൽ എത്തി. സൈന്യം കോഴിക്കോട് നിന്ന് തിരിച്ചു. രക്ഷാപ്രവർത്തനത്തിന് കൂടുതൽ പോലീസ് എത്തും. സൈന്യവും വയനാട്ടിലേക്ക് എത്തുന്നുണ്ട്. ചൂരൽമലയിൽ നിന്ന് മുണ്ടക്കൈ ഭാഗത്തേക്കുള്ള പാലം ഒലിച്ചു പോയതിനാൽ അവിടേക്ക് എത്തിപ്പെടാൻ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.