മ്യൂണിക്ക്: ജര്‍മന്‍ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാന്‍സ് ആന്റണ്‍ ബെക്കന്‍ബോവര്‍ (78) അന്തരിച്ചു. ജര്‍മന്‍ വാര്‍ത്താ ഏജന്‍സിയായ ഡിപിഎ ആണ് മരണ വിവരം പുറത്തുവിട്ടത്.ഡെർ കൈസർ എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന ബെക്കന്‍ബോവര്‍ ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും ഭാവനാസമ്പന്നനായ ഓൾറൌണ്ടറായിരുന്നു. ക്യാപ്റ്റൻ എന്ന നിലയിലും കോച്ച് എന്ന നിലയിലും ജർമനിക്ക് ലോകകപ്പ് സമ്മാനിച്ച അപൂർവ ബഹുമതിക്ക് അർഹനാണ് ഇദ്ദേഹം.
പശ്ചിമ ജര്‍മനിക്കായി 104 മത്സരങ്ങള്‍ കളിച്ച അദ്ദേഹം ക്യാപ്റ്റനെന്ന നിലയില്‍ അവരെ 1974-ലെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ചു. 16 വര്‍ഷത്തിനു ശേഷം 1990ൽ ജര്‍മനിയെ പരിശീലകനായും കിരീടത്തിലെത്തിച്ചു. ബ്രസീലിന്റെ മാരിയോ സഗല്ലോ, ഫ്രാന്‍സിന്റെ ദിദിയര്‍ ദെഷാംപ്‌സ് എന്നിവരാണ് ഈ നേട്ടം സ്വന്തമായുള്ള മറ്റ് രണ്ടുപേർ. കളിക്കാരൻ, പരിശീലകൻ എന്നീ റോളുകൾക്കു ശേഷം ഫുട്ബോൾ ഭരണകർത്താവിന്റെ റോളിലുമെത്തി. രണ്ടു തവണ ബലോൻ ദ് ഓർ പുരസ്കാരം സ്വന്തമാക്കിയിട്ടുണ്ട്.
ആധുനിക ഫുട്‌ബോളിലെ സ്വീപ്പര്‍ (ലിബറോ) എന്ന പൊസിഷന്‍ ലോകത്തിന് പരിചയപ്പെടുത്തിയത് ഇദ്ദേഹമാണ് . ലോകകപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും ബാലണ്‍ദ്യോറും നേടിയ ലോകത്തെ ചുരുക്കം ചില ഫുട്ബോളർമാരിലൊരാളാണ്.
രണ്ടു തവണ യൂറോപ്യന്‍ ഫുട്‌ബോളറായി തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിക്കായി മൂന്ന് ലോകകപ്പുകളിലും രണ്ട് യൂറോ കപ്പിലും കളിച്ചു. ജര്‍മന്‍ ക്ലബ്ബ് ബയേണ്‍ മ്യൂണിക്കിനൊപ്പം നിരവധി കിരീടങ്ങള്‍ സ്വന്തമാക്കിയ താരം കൂടിയാണ് അദ്ദേഹം. 1974, 1975, 1976 വര്‍ഷങ്ങളില്‍ ബയേണിനൊപ്പം തുടര്‍ച്ചയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടി.
German football legend Franz Beckenbauer dies