ബെർലിൻ: പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും മെഡിക്കൽ അസോസിയേഷനുകളുടെയും കടുത്ത എതിർപ്പുകൾ അവഗണിച്ച്, ജർമനിയിൽ കഞ്ചാവ് നിയമവിധേയമാക്കി. ഇതോടെ കഞ്ചാവ് നിയമമവിധേയമാക്കുന്ന ഏറ്റവും വലിയ യൂറോപ്യൻ യൂണിയൻ രാജ്യമായി ജർമനി മാറി. യൂറോപ്യൻ രാജ്യങ്ങളായ മാൾട്ടിയിൽ 2021ലും ലക്സംബർഗിൽ 2023ലും കഞ്ചാവ് നിയമവിധേയമാക്കിയിരുന്നു.
ഏറെ ചർച്ച ചെയ്യപ്പെട്ട പുതിയ നിയമത്തിൻ്റെ ആദ്യപടി പ്രകാരം, 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും 25 ഗ്രാം വരെ കഞ്ചാവ് പൊതുസ്ഥലത്ത് കൈവശം വയ്ക്കാനും 50 ഗ്രാം വീട്ടിൽ സൂക്ഷിക്കാനും പരമാവധി മൂന്ന് ചെടികൾ വളർത്താനും അനുവദിക്കും.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കഞ്ചാവ് നിയമവിധേയമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയത്. കഞ്ചാവിന്റെ ഉത്തരവാദിത്തപരമായ ഉപയോഗം സുഗമമാക്കുകയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ജര്‍മന്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
കരിഞ്ചന്തയിലൂടെ ലഭിക്കുന്ന നിലവാരമില്ലാത്ത കഞ്ചാവ് ഉപയോഗിക്കുന്ന യുവാക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ജൂലൈ ഒന്നുമുതല്‍ ക്ലബുകളില്‍ നിന്നും നിയമാനുസൃതമായി കഞ്ചാവ് വാങ്ങാന്‍ സാധിക്കും.