
വിവാഹം കഴിക്കണമെന്ന ആഗ്രഹം ബാക്കിവെച്ച് മരണത്തിന് കീഴടങ്ങിയ യുവതിയുടേയും യുവാവിന്റെയും ‘പ്രേത വിവാഹം’ നടത്തി കുടുംബം. അടുത്തിടെ വാഹനാപകടത്തില്‍ മരിച്ച മലേഷ്യന്‍ പ്രണയിതാക്കളുടെ മാതാപിതാക്കളാണ് തങ്ങളുടെ മക്കളുടെ വിവാഹം കഴിക്കാനുള്ള ആഗ്രഹം നിറവേറ്റുന്നതിനായി ”പ്രേത വിവാഹം” നടത്തിയത്. 32 കാരിയായ ലീ സൂയിങ്ങും 31 കാരനായ യാങ് ജിംഗ്ഷാനും 3 വര്‍ഷമായി ഒരുമിച്ചായിരുന്നു. വിവാഹം കഴിക്കാനിരിക്കെയായിരുന്നു അവര്‍ ഒരു വാഹനാപകടത്തില്‍ അടുത്തിടെ മരണപ്പെട്ടത്. തുടര്‍ന്ന് അവരുടെ അന്ത്യാഭിലാഷം നടത്തിക്കൊടുക്കുകയായിരുന്നു കുടുംബം.
രണ്ട് അവിവാഹിതരായ മരിച്ചവരുടെ ആത്മാക്കളെ തമ്മില്‍ സാങ്കല്‍പ്പികമായ രീതിയില്‍ ചില പ്രത്യേക ചടങ്ങുകളോടെ വിവാഹം കഴിപ്പിക്കുന്ന രീതിയാണ് പ്രേതവിവാഹം എന്നറിയപ്പെടുന്നത്.
ജൂണ്‍ 2 ന് ബാങ്കോക്കില്‍ വെച്ച് തന്റെ ജന്മദിനം ആഘോഷിക്കാനും യാത്രയ്ക്കിടെ തന്റെ കാമുകിയോട് വിവാഹാഭ്യര്‍ത്ഥന നടത്താനും ജിംഗ്ഷാന്‍ പദ്ധതിയിട്ടിരുന്നു. മേയ് 24 ന്, വടക്കുപടിഞ്ഞാറന്‍ മലേഷ്യയിലെ പെരാക്കില്‍വെച്ചുണ്ടായ വാഹനാപകടത്തില്‍ ഇരുവരും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് ‘പ്രേതവിവാഹം’ നടത്താനും മരണാനന്തര ജീവിതത്തില്‍ അവരെ ഭാര്യാഭര്‍ത്താക്കന്മാരായി ഒന്നിപ്പിക്കാനും കുടുംബങ്ങള്‍ ഒത്തുകൂടി. അവര്‍ അത് നടത്തുകയും ചെയ്തു. പരമ്പരാഗത ചൈനീസ് വിശ്വാസമനുസരിച്ച്, ആളുകള്‍ അവരുടെ ആഗ്രഹങ്ങള്‍ നിറവേറ്റാതെ മരിക്കുകയാണെങ്കില്‍, അവര്‍ക്ക് മരണാനന്തര ജീവിതത്തില്‍ സമാധാനം ലഭിക്കില്ല, മാത്രമല്ല ജീവിച്ചിരിക്കുന്നവരെ വേട്ടയാടാന്‍ അവര്‍ മടങ്ങിവരുമെന്നും കരുതുന്നു. ഇതുകൊണ്ടുകൂടിയുമാണ് കുടുംബം ഇത്തരത്തിലൊരു വിവാഹത്തിന് മുതിര്‍ന്നത്.
ചൈനയില്‍ മാത്രമല്ല, ഉത്തര കൊറിയ, ജപ്പാന്‍ തുടങ്ങിയ പല കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും പ്രേത വിവാഹങ്ങള്‍ നിലവിലുണ്ട്.