റോം: യുഎസ് കോടീശ്വരനും നൈപുണ്യ വികസന വകുപ്പിന്റെ തലവനുമാകുന്ന എലോൺ മസ്‌കുമായുള്ള സൗഹൃദത്തെ ന്യായീകരിച്ച് ഇാറ്റലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി. ഈ ആഴ്ച ബ്രസൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിക്ക് മുന്നോടിയായുള്ള പാർലമെൻ്ററി സെഷനിൽ നടത്തിയ പ്രസംഗത്തിലാണ് മെലോണി സൗഹൃദത്തെ ന്യായീകരിച്ചത്. തനിക്ക് തന്റേതായ സ്വാതന്ത്ര്യമുണ്ടെന്നും മസ്‌കിൻ്റെ സാമ്പത്തിക സാമ്രാജ്യത്തിന് താൽപ്പര്യമുള്ള മേഖലകളിൽ ഇടപെടുകയും സ്വാധീനപ്പെടുകയോ ചെയ്യില്ലെന്നും മെലോണി തറപ്പിച്ചു പറഞ്ഞു.
എനിക്ക് എലോൺ മസ്‌കിൻ്റെ സുഹൃത്താകാം. അതോടൊപ്പം ബഹിരാകാശത്ത് സ്വകാര്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിന് പുതിയ നിയമം ഉണ്ടാക്കിയ ആദ്യത്തെ ഇറ്റാലിയൻ ഗവൺമെൻ്റിൻ്റെ മേധാവിയുമാകാം. തനിക്ക് നിരവധി ആളുകളുമായി നല്ല സൗഹൃദ ബന്ധമുണ്ടെന്നും ആരിൽ നിന്നും ഉത്തരവുകൾ സ്വീകരിക്കാതിരുന്നാൽ മതിയെന്നും മെലോണി പറഞ്ഞു.
2022 ൽ അധികാരമേറ്റ മെലോണി, ഇറ്റലിയുടെ സമ്പദ്‌വ്യവസ്ഥയിലേക്ക് നിക്ഷേപം ആകർഷിക്കാൻ മസ്‌കുമായി പതിവായി കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. ബഹിരാകാശ മേഖലയെ പരിപോഷിപ്പിക്കുന്നതിൽ ഇറ്റാലിയൻ ഗവൺമെൻ്റ് തീരുമാനിച്ചിരുന്നു. മസ്‌കിൻ്റെ സ്‌പേസ് എക്‌സ് പോലുള്ള വിദേശ ബഹിരാകാശ കമ്പനികൾക്ക് ഇറ്റലിയിൽ പ്രവർത്തിക്കാൻ വഴിയൊരുക്കുന്നതായിരുന്നു തീരുമാനം.
2026-ഓടെ ഏകദേശം 7.3 ബില്യൺ ഡോളർ നിക്ഷേപം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബറിൽ നടന്ന ഒരു പരിപാടിയിൽ മെലോണിയും മസ്‌കും ചേർന്നുള്ള ഒരു ഫോട്ടോ വൈറലായിരുന്നു. ഇരുവരും ഡേറ്റിങ്ങിലാണോ എന്ന് സോഷ്യൽമീഡിയയിൽ ചർച്ചയായി. ന്യൂയോർക്ക് പരിപാടിയിൽ, മസ്‌ക് മെലോണിയെ പുകഴ്ത്തി രംഗത്തെത്തുകയും ചെയ്തു.