ലഖ്നൗ: കൊല്‍ക്കത്തയില്‍ പിജി ഡോക്ടര്‍ ലൈംഗികാതിക്രമത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുള്ള പ്രതിഷേധം തുടരുന്നതിനിടെ, ഉത്തര്‍പ്രദേശില്‍ 14 വയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ സോന്‍ഭദ്രയിലെ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. പ്രതി വിശംഭര്‍ ഒളിവിലാണ്.
സോന്‍ഭദ്രയിലെ ദുദ്ദി ഗ്രാമത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ബലാത്സംഗത്തെ തുടര്‍ന്ന് ബനാറസ് ഹിന്ദു സര്‍വകലാശാല ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ചയാണ് പെണ്‍കുട്ടിക്ക് ദാരുണാന്ത്യം സംഭവിച്ചത്. 20 ദിവസത്തോളം വിദ്യാര്‍ത്ഥിനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഇന്‍സ്പെക്ടറാണ് പ്രതിയായ വിശ്വംഭറെന്ന് കുടുംബം ആരോപിച്ചു. കഴിഞ്ഞ ഡിസംബറില്‍ കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വിശംഭര്‍ പെണ്‍കുട്ടിയെ വിളിച്ചിരുന്നുവെന്നും പിന്നീട് അയാളുടെ വസതിയില്‍ വെച്ച് പീഡനത്തിനിരയാക്കിയെന്നും കുടുംബം പറഞ്ഞു. പേടികാരണം മകൾ ഒന്നും തുറന്നുപറഞ്ഞില്ലെന്നും എന്നാൽ കുട്ടിയുടെ ആരോഗ്യം മോശമായി വരികയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഛത്തീസ്ഗഡില്‍ ബന്ധുവീട്ടില്‍ താമസിച്ചുകൊണ്ട് ചികിത്സ നടത്തിയെങ്കിലും ആരോഗ്യം മെച്ചപ്പെട്ടിരുന്നില്ല. പിന്നീട് കുട്ടി തന്റെ ബന്ധുവിനോട് സംഭവം പറയുകയും ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം പുറത്ത് പറയാതിരിക്കാന്‍ പ്രതി തങ്ങള്‍ക്ക് 30,000 രൂപ നല്‍കിയെന്നും കുടുംബം പറഞ്ഞു. അപമാനം പേടിച്ച് പൊലീസിൽ അറിയിച്ചില്ല.
എന്നാൽ പെണ്‍കുട്ടിയുടെ ആരോഗ്യ സ്ഥിതി കൂടുതൽ മോശമായതിനെ തുടര്‍ന്ന് ജൂലൈ 10ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നാലെ വിശംഭറിനെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയും അറസ്റ്റ് ചെയ്യുന്നതിന് രണ്ട് ടീമുകളെ നിയോഗിക്കുകയും ചെയ്തു.