ന്യൂഡല്‍ഹി: തെക്കന്‍ ഫിലിപ്പീന്‍സിലെ സ്വര്‍ണ്ണ ഖനന ഗ്രാമത്തില്‍ മണ്ണിടിച്ചിലിലുണ്ടായതിനെത്തുടര്‍ന്ന് ദുരന്തത്തില്‍പ്പെട്ടുപോയ രണ്ട് കുട്ടികളെ രക്ഷാ പ്രവര്‍ത്തകര്‍ അത്ഭുതകരമായി ജീവിതത്തിലേക്ക് തിരികെ എത്തിച്ചു. അപകടമുണ്ടായി 60 മണിക്കൂറും അതിജീവിച്ച കുട്ടികളെയാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റിയത്.
മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്ത് ഇനി ആരും ജീവിച്ചിരിക്കാന്‍ സാധ്യതയില്ലെന്ന കണക്കുകൂട്ടലിലേക്ക് രക്ഷാ പ്രവര്‍ത്തകര്‍ എത്തുകയും ജീവനോടെ ആരെയെങ്കിലും കണ്ടെത്തുമെന്ന പ്രതീക്ഷ നഷ്ടമാകുകയും ചെയ്ത സാഹചര്യത്തിലാണ് രണ്ടുമാസം പ്രായമുള്ള ആണ്‍കുട്ടിയേയും മൂന്നുവയസുപ്രായമുള്ള പെണ്‍കുട്ടിയേയും കണ്ടെത്തുന്നത്.
മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ 11 പേരെങ്കിലും മരണത്തിന് കീഴടങ്ങിയിരുന്നു. 100ലധികം പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരുടെ കൂട്ടത്തില്‍ രക്ഷപെട്ട കുട്ടികളും ഉള്‍പ്പെടുന്നു.
സാധാരണയായി മുതിര്‍ന്നവരേക്കാള്‍ പ്രതിരോധശേഷി കുറവാണ് കുട്ടികള്‍ക്ക്. എന്നിട്ടും ഈ കുട്ടികള്‍ അതിജീവിച്ചു എന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. പെണ്‍കുട്ടിയുടെ പിതാവും അപകടത്തില്‍ രക്ഷപെട്ടിരുന്നു.
മനിലയിലെ സ്വര്‍ണഖനിക്ക് സമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടുകള്‍ തകരുകയും സ്വര്‍ണഖനിയില്‍ നിന്ന് തൊഴിലാളികളെ കൊണ്ടുപോകാന്‍ കാത്തുനിന്ന മൂന്ന് ബസുകളും ജീപ്പും അപകടത്തില്‍പ്പെടുകയും ചെയ്തിരുന്നു. അപകടത്തില്‍ 11 പേര്‍ മരിക്കുകയും 31 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രദേശത്ത് മഴ ഇപ്പോഴും തുടരുന്നുണ്ട്.
ചെളിയിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താന്‍ സ്നിഫര്‍ നായ്ക്കളെയും ഉപയോഗിക്കുന്നുണ്ട്.