കാർ മോഷ്ടാക്കളെന്ന് തെറ്റിദ്ധരിച്ച് പൊലീസ് ഒരു കുടുംബത്തിലെ ഒരു സ്ത്രീയേയും 18 വയസ്സിൽ താഴെ മാത്രം പ്രായമുള്ള 4 പെൺകുട്ടികളേയും തോക്കിൻ മുനയിൽ ബന്ദികളാക്കിയ സംഭവത്തിൽ പൊലീസ് 1.9 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധി. കൊളറാഡോയിൽ നിന്നുള്ള കറുത്തവർഗക്കാരുടെ കുടുംബമാണ് പൊലീസിൻ്റെ തെറ്റിദ്ധാരണയ്ക്ക് ഇരയായത്. ബ്രിട്ട്നി ഗില്ല്യം എന്നയുവതി, അവരുടെ ആറു വയസ്സുകാരി മകൾ, 12 വയസ്സുള്ള സഹോദരി, 14ഉം 17 വയസ്സുള്ള രണ്ട് ബന്ധുക്കൾ എന്നിവരെയാണ് പൊലീസ് തോക്കിൻ മുനയിൽ പിടികൂടി വിലങ്ങിട്ട് നിലത്ത് കിടത്തിയത്.
പിന്നീട് ആളുമാറിയെന്ന് മനസ്സിലായപ്പോൾ ഇവരെ വിട്ടയച്ചെങ്കിലും ഇവരുടെ കുടുംബം പൊലീസിനെതിരെ പരാതിയുമായി പോവുകയായിരുന്നു. ഒരു കാർ മോഷണവുമായി ബന്ധപ്പെട്ടാണ് പൊലീസ് ഇവരെ തെറ്റിദ്ധരിച്ചത്. ഇവരുടെ കാർ നമ്പറും മോഷ്ടിക്കപ്പെട്ട കാറിന്റെ നമ്പറും ഒന്നായിരുന്നു. എന്നാൽ രണ്ടും രണ്ടു സംസ്ഥാനത്തായിരുന്നു.
Aurora PD handcuff and held family at gunpoint. pic.twitter.com/GkTWKFZqkI
— Joshua Rodriguez (@Joshuajered) August 3, 2020
അറോറയിലുള്ള ഒരു നെയിൽ സലൂൺ സന്ദർശിച്ചു മടങ്ങുകയായിരുന്നു ബ്രിട്ട്നിയും കുടുംബവും. പാർക്കിങ് ഏരിയയിൽ നിർത്തിയിട്ട കാറിനരികേക്ക് ഇവർ എത്തിയ ഉടൻ പൊലീസ് തോക്കു ചൂണ്ടി ഇവരെ വിലങ്ങണിയിച്ചു. നിലത്ത് കിടത്തി. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ കുട്ടികൾ ഉച്ചത്തിൽ നിലവിളിക്കുന്നത് കാണാം. പിന്നീട് വിട്ടയച്ചെങ്കിലും ഈ സംഭവം കുട്ടികളിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു എന്ന് ബ്രിട്ട്നി പറയുന്നു. ഇവരുടെ പരാതിയെ തുടർന്ന് അറോറ സിറ്റി പൊലീസ് ഒരു ഒത്തു തീർപ്പ് എന്ന നിലയിൽ 1.9 മില്യൺ ഡോളർ നഷ്ടപരിഹാരമായി നൽകാൻ സമ്മതിക്കുകയായിരുന്നു.
Girls Held At Gunpoint By US Police Receives $1.9 Million Settlement