ചെന്നൈ : തമിഴ്‌നാട്ടില്‍ ക്ഷേത്ര ദര്‍ശനം നടത്തിയപ്പോള്‍ താന്‍ അപമാനിക്കപ്പെട്ടെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണന്നു സംഗീതജ്ഞന്‍ ഇളയരാജ. കഴിഞ്ഞദിവസം രാത്രി വിരുദുനഗര്‍ ശ്രീവല്ലിപുത്തൂരിലെ ആണ്ടാള്‍ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ ശ്രീകോവിലിനുള്ളില്‍ കയറിയതോടെ പൂജാരിമാര്‍ ഇറക്കിവിട്ടെന്നായിരുന്നു പ്രചാരണം.
എന്നാല്‍, ഈ ആരോപണം തെറ്റാണെന്നും ശ്രീകോവിലിനു മുന്നിലായി പൂജാരിമാര്‍ക്കു മാത്രം പ്രവേശനമുള്ള മണ്ഡപത്തിലേക്ക് ഇളയരാജ അബദ്ധത്തില്‍ കയറിയപ്പോള്‍ അക്കാര്യം പറഞ്ഞ് പുറത്തേക്കു മാറ്റുക മാത്രമാണുണ്ടായതെന്നാണ ക്ഷേത്രം അധികൃതരുടെ വിശദീകരണം. പുറത്തുള്ള വസന്തമണ്ഡപത്തില്‍ നിന്നാണു പ്രമുഖരായ വ്യക്തികള്‍ പൊതുവേ ദര്‍ശനം നടത്താറുള്ളതെന്നും ഇളയരാജയെ പൂര്‍ണകുംഭം നല്‍കി ആദരവോടെയാണു സ്വീകരിച്ചതെന്നും ആരോപണങ്ങള്‍ തെറ്റാണെന്നും ദേവസ്വം വകുപ്പ് വ്യക്തമാക്കി.