ആഗോള കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറംതള്ളല്‍ 2023-ല്‍ പുതിയ റെക്കോര്‍ഡിട്ടതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച പ്രസിദ്ധീകരിച്ച ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി (ഐഇഎ) റിപ്പോര്‍ട്ട് അനുസരിച്ച്, ഊര്‍ജ്ജത്തില്‍ നിന്നുള്ള ആഗോള കാര്‍ബണ്‍ മലിനീകരണമാണ് കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ഉയരത്തിലെത്തിയത്.
ആഗോള താപനിലയിലെ വര്‍ദ്ധനവ് പരിമിതപ്പെടുത്താനും കാലാവസ്ഥാ വ്യതിയാനം തടയാനുമുള്ള ലക്ഷ്യങ്ങള്‍ കൈവരിക്കണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ പ്രധാനമായും ഫോസില്‍ ഇന്ധനങ്ങള്‍ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ പുറംതള്ളല്‍ കുത്തനെ വെട്ടിക്കുറയ്ക്കണമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. ഊര്‍ജത്തില്‍ നിന്നുള്ള ആഗോള പുറംതള്ളല്‍ 410 ദശലക്ഷം മെട്രിക് ടണ്‍ അഥവാ 1.1% വര്‍ധിച്ച് 2023-ല്‍ 37.4 ബില്യണ്‍ മെട്രിക് ടണ്ണായിയെന്ന് ഐഇഎ കണക്കുകള്‍ കാണിക്കുന്നു.
‘പാരീസ് ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളല്‍ കുറഞ്ഞേ മതിയാകൂ. കാലാവസ്ഥാ വ്യതിയാനം ‘അപകടകരമാംവിധം കുതിച്ചുയര്‍ന്നതിനാല്‍’ കഴിഞ്ഞ ദശകമാണ് ഏറ്റവും ചൂടുകൂടിയ താപനിലയെ ഉയര്‍ത്തിയതെന്ന് ഡബ്ല്യുഎംഒ റിപ്പോര്‍ട്ട് ചെയ്യുന്നു.
കാറ്റ്, സൗരോര്‍ജ്ജം, വൈദ്യുത വാഹനങ്ങള്‍ തുടങ്ങിയവയുടെ വിപുലമായ ഉപയോഗത്തോടെ ആഗോള തലത്തില്‍ 2022-ല്‍ 1.3% ആയിരുന്ന പുറംതള്ളല്‍ വളര്‍ച്ചാ നിരക്ക് കുറയ്ക്കാന്‍ സഹായിച്ചുണ്ടെങ്കിലും ചൈനയുടെ സമ്പദ്വ്യവസ്ഥ വീണ്ടും തുറന്നതും, കുറഞ്ഞ ജലവൈദ്യുത ഉല്‍പാദനമുള്ള രാജ്യങ്ങളില്‍ ഫോസില്‍ ഇന്ധന ഉപയോഗം വര്‍ദ്ധിപ്പിച്ചതും, വ്യോമയാന മേഖലയിലെ വളര്‍ച്ച കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ മൊത്തത്തിലുള്ള പുറംതള്ളലിന് കാരണമായി ഐഇഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് അനുസരിച്ച്, യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ ഊര്‍ജ്ജവുമായി ബന്ധപ്പെട്ട പുറംതള്ളല്‍ 4.1% കുറഞ്ഞു. യൂറോപ്യന്‍ യൂണിയനില്‍, കഴിഞ്ഞ വര്‍ഷം ഊര്‍ജ്ജത്തില്‍ നിന്നുള്ള ഉദ്വമനം ഏകദേശം 9% കുറഞ്ഞു.
ചൈനയിലാകട്ടെ, ഇത് 5.2% വര്‍ദ്ധിച്ചു. കോവിഡ് 19 മായി ബന്ധപ്പെട്ട ലോക്ക്ഡൗണുകളില്‍ നിന്ന് ചൈന കരകയറിയതോടെ ഊര്‍ജ്ജ ആവശ്യം വര്‍ദ്ധിച്ചതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അധിക പുറംതള്ളലിന് കാരണമാകുന്നുണ്ട്.