
ദില്ലി: തന്നെ ദൈവം അയച്ചതാണെന്നും തന്‍റെ ജനനം ജൈവികമായത് മാത്രമാണെന്ന് ഇപ്പോൾ കരുതുന്നില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മ ജീവിച്ചിരുന്ന കാലത്ത് തന്‍റെ ജനനം ഒരു ജൈവികമായ ഒന്നാണെന്ന ധാരണ ഉണ്ടായിരുന്നെന്നും എന്നാൽ അമ്മയുടെ മരണ ശേഷം അത് അങ്ങനെയല്ലെന്നാണ് കരുതുന്നെന്നും മോദി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അമ്മയുടെ വിയോഗത്തിന് ശേഷമുള്ള കാര്യങ്ങളും അനുഭവങ്ങളും നോക്കുമ്പോളാണ് തന്നെ ദൈവം അയച്ചതാണെന്ന് തിരിച്ചറിയുന്നതെന്നും മോദി കൂട്ടിച്ചേർത്തു.
സാധാരണ മനുഷ്യർക്കുള്ള ഊർജ്ജമല്ല തനിക്കുള്ളതെന്നും താൻ ഉള്‍ക്കൊള്ളുന്ന തരത്തിലുള്ള ഊര്‍ജ്ജം ജൈവികമായ ശരീരത്തില്‍ നിന്ന് ഉണ്ടാകാന്‍ കഴിയില്ലെന്നും മോദി അഭിമുഖത്തിൽ പറഞ്ഞു. ചില കാര്യങ്ങൾ നടപ്പാക്കാനായി ദൈവം പ്രത്യേക ഊര്‍ജ്ജം നല്‍കി തന്നെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും മോദി കൂട്ടിചേർത്തു. ദൈവം ചില കാര്യങ്ങൾ നടപ്പിലാക്കാന്‍ തിരഞ്ഞെടുത്ത ഉപകരണം മാത്രമാണ് താനെന്നും മോദി വിശദീകരിച്ചു. താൻ ചെയ്യുന്നതെല്ലാം ദൈവം നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളാണെന്നും മോദി പറഞ്ഞു.
അതേസമയം ദൈവം അയച്ചതാണെന്ന മോദിയുടെ പരാമർശത്തെ പരിഹസിച്ചും വിമർശിച്ചും കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. താൻ മനുഷ്യനല്ല അവതാരമാണ് എന്നാണ് മോദി പറയുന്നതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു. മാധ്യമങ്ങൾ മോദി പറയുന്ന എന്തിനും കൈയ്യടിക്കുകയാണെന്നും രാഹുൽ കൂട്ടിച്ചേർത്തു. മോദിയുടെ പരാമര്‍ശം വ്യാമോഹവും അഹങ്കാരവും ആണെന്നാണ് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പറഞ്ഞത്. പരാജയ സൂചനയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.