ന്യൂഡല്‍ഹി: വിദേശത്തേക്ക് വിദ്യാഭ്യാസത്തിനും ജോലിതേടിയുമൊക്കെ പോകുന്ന യുവ തലമുറയെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍. വിദേശത്തേക്ക് പോകുക, അതാണ് രാജ്യത്തെ കുട്ടികളെ ബാധിക്കുന്ന പുതിയ രോഗമെന്നാണ് ഉപരാഷ്ട്രപതി പറഞ്ഞത്.
വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണം അതിന്റെ ഗുണനിലവാരത്തെ പ്രതികൂലമായി ബാധിക്കുന്നു, ഇത് രാജ്യത്തിന്റെ ഭാവിക്ക് നല്ലതല്ലെന്നും രാജസ്ഥാനിലെ സിക്കാറില്‍ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം സംഘടിപ്പിച്ച ചടങ്ങില്‍ ഉപരാഷ്ട്രപതി പറഞ്ഞു.
‘കുട്ടികള്‍ക്കിടയില്‍ മറ്റൊരു പുതിയ രോഗമുണ്ട് – വിദേശത്തേക്ക് പോകുക. കുട്ടി ആവേശത്തോടെ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, അവന്‍ ഒരു പുതിയ സ്വപ്നം കാണുന്നു; എന്നാല്‍ അവന്‍ ഏത് സ്ഥാപനത്തിലേക്ക് പോകുന്നു, ഏത് രാജ്യത്തേക്ക് പോകുന്നു എന്നതിനെക്കുറിച്ച് ഒരു വിലയിരുത്തലും ഇല്ല,’- അദ്ദേഹം വ്യക്തമാക്കി.
‘2024-ല്‍ ഏകദേശം 13 ലക്ഷം വിദ്യാര്‍ത്ഥികള്‍ വിദേശത്തേക്ക് പോയതായി കണക്കാക്കപ്പെടുന്നു. അവരുടെ ഭാവിയില്‍ എന്ത് സംഭവിക്കുമെന്ന് ഒരു വിലയിരുത്തല്‍ നടക്കുന്നു, അവര്‍ ഇവിടെ പഠിച്ചിരുന്നെങ്കില്‍ അവരുടെ ഭാവി എത്ര ശോഭനമാകുമായിരുന്നുവെന്ന് ആളുകള്‍ ഇപ്പോള്‍ മനസ്സിലാക്കുന്നു’ എന്നും അദ്ദേഹം വിമര്‍ശിച്ചു.