കൊച്ചി: സ്വർണവിലയിൽ വൻ കുതിപ്പ്. ഗ്രാമിന് 130 രൂപ കൂടി 6,300 രൂപയും പവന് 1,040 രൂപ വർധിച്ച് 50,400 രൂപയുമായി. അന്താരാഷ്ട്ര സ്വർണ വില ട്രോയ് ഔൺസിന് (31.103 ഗ്രാം) 2,234 ഡോളറും രൂപയുടെ വിനിമയ നിരക്ക് 83.37 ഉം ആണ്. 24 കാരറ്റ് സ്വർണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 69 ലക്ഷം രൂപ ആയിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലകൂടുന്നതാണ് സംസ്ഥാനത്തും വലിയതോതിൽ വിലവർധനയുണ്ടാകാൻ കാരണം. സ്വർണ നിക്ഷേപത്തിലേക്ക് കൂടുതൽപ്പേർ എത്തുന്നതിനാൽ വില ഇനിയും കൂടാനാണ് സാധ്യത.
ഡോളറിന്റെ വിനിമയ നിരക്കിലുണ്ടായ വ്യത്യാസവും സ്വർണവിലയിൽ പ്രതിഫലിക്കുന്നുണ്ട്. എന്നാൽ വിവാഹാവശ്യങ്ങൾക്കും മറ്റും സ്വർണം വാങ്ങുന്ന സാധാരണക്കാർക്ക് വിലവർധന വൻ തിരിച്ചടിയാണ്. കഴിഞ്ഞ ദിവസം 49,360 ആയിരുന്നതാണ് ഒറ്റ ദിവസം കൊണ്ട് ആയിരം രൂപയിലധികമായി കൂടിയത്.
മാർച്ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 5,790 രൂപയും പവന് 46,320 രൂപയുമായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില. മാർച്ച് 21നാണ് സ്വർണവില റെക്കോഡ് കുതിപ്പ് തുടങ്ങിയത്. ഗ്രാമിന് 6,180 രൂപയിലേക്കും പവന് 49,440 രൂപയിലേക്കും ആണ് ഉയർന്നത്.