കാലിഫോർണിയ: ഗായകൻ സിദ്ധു മൂസേ വാലയുടെ കൊലപാതകത്തിന് പിന്നിലെ ഗുണ്ടാനേതാവ് ഗോൾഡി ബ്രാർ കാലിഫോർണിയയിലുണ്ടായ വെടിവയ്പ്പിൽ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ യുഎസ് പോലീസ് നിഷേധിച്ചു.
ഇന്നലെ കാലിഫോർണിയയിലെ ഫ്രെസ്‌നോയിലെ ഫെയർമോണ്ടിലും ഹോൾട്ട് അവന്യൂവിലും രണ്ടുപേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇവരിൽ ഒരാൾ പിന്നീട് ആശുപത്രിയിൽ മരിച്ചുവെന്ന് യുഎസ് പോലീസ് പറഞ്ഞു. സംഭവത്തിൽ കൊല്ലപ്പെട്ടയാൾ കാനഡ ആസ്ഥാനമായുള്ള ഗുണ്ടാസംഘത്തിന്റെ തലവൻ ഗോൾഡി ബ്രാറാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ചില വാർത്താ ഏജൻസികളും റിപ്പോർട്ടുകൾ ഏറ്റെടുത്തു.
എന്നാൽ ഈ റിപ്പോർട്ടുകൾ വസ്തുതാരഹിതമാണെന്ന് ഫ്രെസ്‌നോ പോലീസ് ഡിപ്പാർട്ട്‌മെൻ്റ് പ്രതികരിച്ചു. അടിസ്ഥാനരഹിതമായ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ലോകത്തിന്റെ പല ഭാഗത്തുനിന്നും പൊലീസ് വകുപ്പിലേക്ക് അന്വേഷണങ്ങൾ ലഭിക്കുന്നുണ്ടെന്ന് ലെഫ്റ്റനൻ്റ് പറഞ്ഞു.
“സോഷ്യൽ മീഡിയയിലും ഓൺലൈൻ വാർത്താ ഏജൻസികളിലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിൻ്റെ ഫലമായി ഇന്ന് രാവിലെ മുതൽ ഞങ്ങൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത് സംബന്ധിച്ചുള്ള അന്വേഷണങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ഈ കിംവദന്തി ആരംഭിച്ചതെന്ന് ഞങ്ങൾക്ക് അറിയില്ല. വ്യാജവാർത്ത കാട്ടുതീ പോലെ പടരുകയും ചെയ്തു. എന്നാൽ കൊല്ലപ്പെട്ടത് തീർച്ചയായും ഗോൾഡി അല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.