‘വെടിവെച്ചാൽ മറുപടി ഷെല്ലുകൾകൊണ്ടായിരിക്കും’; പാകിസ്താന് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി അമിത് ഷാ

ജമ്മു: ജമ്മു കശ്മീരിൻ്റെ അതിർത്തി പ്രദേശങ്ങളിൽ അതിർത്തി കടന്നുള്ള വെടിവയ്പ്പ് ഭയക്കുന്നില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാകിസ്താൻ വെടിയുതിർത്താൽ മോർട്ടാർ ഷെൽ ഉപയോഗിച്ച് മറുപടി നൽകുമെന്നും അമിത് ഷാ പറഞ്ഞു.

ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഇത് തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണത്തിനുമില്ലെന്നും അമിത് ഷാ പറഞ്ഞു. ഞായറാഴ്ച ജമ്മുവിലെ നൗഷേരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ രൂപവത്കരണത്തിന് ശേഷം ഭീകരവാദികളേയും കല്ലെറിയുന്നവരേയുമൊക്കെ ജയില്‍ മോചിതരാക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടത്. ഫറൂഖ് അബ്ദുള്ള ജമ്മു മലനിരകളിലെ ഭീകരവാദത്തിന്റെ പുനരുജ്ജീവനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഇത് മോദി സര്‍ക്കാരാണ്. ഭീകരവാദത്തെ പാതാളത്തിലേക്ക് അടക്കം ചെയ്യുമെന്നും ഒരു ഭീകരവാദിയേയും മോചിപ്പിക്കില്ലെന്നും അമിത് ഷാ പറഞ്ഞു. ഭീകരവാദം തുടച്ചുനീക്കപ്പെടുന്നതുവരെ പാകിസ്താനുമായി ഒരു സംഭാഷണവുമില്ലെന്നാണ് രാഹുല്‍ ഗാന്ധിയോടും ഫറൂഖ് അബ്ദുള്ളയോടും പറയാനുള്ളത്. യുവാക്കളെ സിംഹങ്ങളെന്ന് വിശേഷിപ്പിച്ച അമിത് ഷാ അവരോടാണ് തനിക്ക് സംസാരിക്കേണ്ടതെന്നും പാകിസ്താനോടല്ലെന്നും കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി പ്രദേശങ്ങളുടെ സുരക്ഷയ്ക്കായി നിര്‍മിച്ച ഭൂഗര്‍ഭ നിലവറയുടെ അവശ്യമില്ലെന്നും അമിത് ഷാ പറഞ്ഞു.അതിർത്തിക്കപ്പുറത്തേക്ക് വെടിവെക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും അങ്ങനെ വെടിവെച്ചാല്‍ ഷെല്ലുകളുപയോഗിച്ച് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

More Stories from this section

family-dental
witywide