
ഗൂഗിള്‍ മാപ്പ് ഏറിയ പങ്ക് ഉപയോക്താക്കള്‍ക്കും യാത്രയെ എളുപ്പമാക്കുമെങ്കിലും പലര്‍ക്കെങ്കിലും കയ്‌പ്പേറിയ അനുഭവമാണ് നല്‍കാറുള്ളത്. മഴക്കാലത്തും, രാത്രിയിലും റൂട്ടുകള്‍ മാറിയും തെറ്റായ ലൊക്കേഷനിലെത്തിയും പുഴയിലും തോട്ടിലും മറ്റുമായി കാര്‍ അപകടത്തില്‍പ്പെടുന്നത് ഇപ്പോള്‍ സ്ഥിരം സംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കാസര്‍കോട് പള്ളഞ്ചി ഫോറസ്റ്റിനടുത്തുണ്ടായത്. ഇന്നലെയായിരുന്നു മരണത്തെ മുന്നില്‍ക്കണ്ട് പുഴയിലകപ്പെട്ട ചെറുപ്പക്കാര്‍ ജീവിതത്തിലേക്ക് കരകയറിയ സംഭവമുണ്ടായത്.
അമ്പലത്തറ മുനമ്പം ഹൗസില്‍ എം അബ്ദുല്‍ റഷീദ്, ബന്ധുവായ ഏഴാം മൈല്‍ അഞ്ചില്ലത്ത് ഹൗസില്‍ എ തഷ്രിഫ് എന്നിവര്‍ കര്‍ണാടക ഉപ്പിനങ്ങാടിയിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയാണ് ഇവര്‍ യാത്ര ചെയ്തത്. എന്നാല്‍ പെട്ടെന്നാണ് അപകടം അരുകിലെത്തിയത്. കൈവരി ഇല്ലാത്ത പാലത്തില്‍ നിന്ന് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു. മരണം മുന്നില്‍ക്കണ്ട നിമിഷം. കാറിന്റെ ഡോര്‍ അടഞ്ഞുകിടന്നതിനാലും ഗ്ലാസുകള്‍ ഇട്ടിരുന്നതിനാല്‍ വാഹനത്തിനകത്തേക്ക് വെള്ളം കയറിയില്ല. ഉടന്‍ തസ്രീഫ് കാറിനകത്തുനിന്ന് കാസര്‍കോട് പൊലീസില്‍ വിവരമറിയിച്ചു. ലൊക്കേഷനും അയച്ചുകൊടുത്തു. പിന്നീട് ഒഴുക്കില്‍പ്പെട്ട കാറില്‍ നിന്ന് വിന്‍ഡോ ഗ്ലാസിലൂടെ പുറത്തിറങ്ങിയ ഇരുവരും പുഴയ്ക്ക് നടുവിലുള്ള കുറ്റിച്ചെടിയില്‍ പിടിച്ചുനിന്നു. അരമണിക്കൂര്‍ അവിടെ കുടുങ്ങി. തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനയും പൊലീസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ അതിസാഹസികമായാണ് യുവാക്കളെ രക്ഷപ്പെടുത്തിയത്.
അഗ്‌നിരക്ഷാസേന കയറും ലൈഫ് ജാക്കറ്റും ഇട്ടുകൊടുത്തു. ജാക്കറ്റിലിരുന്ന് കയറില്‍ പിടിച്ച് ജീവിതത്തിന്റെ കരയ്ക്കണയുകയായിരുന്നു ഇരുവരും.