ആദ്യ ഇന്ത്യൻ ബഹിരാകാശ വിനോദസഞ്ചാരിയാകാൻ ഗോപിചന്ദ്; യാത്ര ഇന്നാരംഭിക്കും

വാഷിങ്ടണ്‍:  ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ വിനോദസഞ്ചാരി എന്ന  ചരിത്ര നേട്ടത്തിനൊരുങ്ങി പൈലറ്റും സംരംഭകനുമായ ക്യാപ്റ്റന്‍ ഗോപീചന്ദ് തോട്ടകുര( 30). ആമസോണ്‍ ഉടമ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒറിജിനിന്റെ ന്യൂ ഷെപ്പേഡ്-25 (എന്‍.എസ്-25) എന്ന ദൗത്യത്തിന്റെ ഭാഗമായാണ് അദ്ദേഹമടങ്ങുന്ന 5 അംഗസംഘം ബഹിരാകാശത്തേക്ക് പോകുന്നത്.  ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് വിക്ഷേപണം.

അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസിലുള്ള ബ്ലൂ ഒറിജിനിന്റെ ലോഞ്ച് സൈറ്റ് വണ്ണില്‍ (കോണ്‍ റാഞ്ച്) നിന്നാണ് എന്‍.എസ്-25 കുതിച്ചുയരുക. മനുഷ്യരേയും വഹിച്ചുകൊണ്ടുള്ള ബ്ലൂ ഒറിജിനിന്റെ ഏഴാമത് ബഹിരാകാശ ദൗത്യമാണ് ഇത്. ഗോപീചന്ദിന് പുറമെ 90-കാരനായ എഡ് ഡ്വിറ്റ് ഉള്‍പ്പെടെ അഞ്ചുപേർ കൂടി ദൗത്യത്തിൽ ഉണ്ട്. 

ആന്ധ്ര പ്രദേശിലെ വിജയവാഡയിലാണ് ഗോപീചന്ദ് തോട്ടകുര ജനിച്ചത്. വ്യോമയാന രംഗത്തോടുള്ള അഭിനിവേശം കൊണ്ട് എംബ്രി-റിഡില്‍ എയറോനോട്ടിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എയറോനോട്ടിക്കല്‍ സയന്‍സില്‍ ബിരുദവും അദ്ദേഹം നേടി. വാഹനമോടിക്കാന്‍ പഠിക്കുന്നതിന് മുമ്പ് തന്നെ പറക്കാന്‍ പഠിച്ച പൈലറ്റും ഏവിയേറ്ററുമാണ് ഗോപി എന്നാണ് ബ്ലൂ ഒറിജിന്‍ ഗോപിചന്ദിനെ പരിചയപ്പെടുത്തുന്നത്.

ബുഷ് വിമാനങ്ങള്‍, എയറോബാറ്റിക് വിമാനങ്ങള്‍, സീ പ്ലേനുകള്‍, ഗ്ലൈഡറുകള്‍, ഹോട്ട് എയര്‍ ബലൂണുകള്‍ എന്നിവയെല്ലാം പറത്താന്‍ ഗോപിചന്ദ് വിദഗ്ദനാണ്. അന്താരാഷ്ട്ര മെഡിക്കല്‍ ജെറ്റ് പൈലറ്റായും അദ്ദേഹം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ അറ്റ്ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്ത് ഹാര്‍ട്ട്ഫീല്‍ഡ് ജാക്സണ്‍ പ്രിസര്‍വ് ലൈഫ് കോര്‍പ്പ് എന്ന സ്ഥാപനം നടത്തുന്നു.

Gopichand first Indian Space Tourist to start journey today