‘ഞാൻ അല്ല, എനിക്ക് ഒരു ബന്ധവുമില്ല, വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്’, ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരായ കേസിൽ ഗൗരി ഉണ്ണിമായ

കൊച്ചി: ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം നടത്തിയെന്ന് നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ പരാതി നൽകിയ നടി താനല്ലെന്ന് വ്യക്തമാക്കി ഗൗരി ഉണ്ണിമായ രംഗത്ത്. സോഷ്യൽ മീഡിയയിൽ ഇത്തരം പ്രചരണം ശക്തമായതോടെ ഗൗരി ഉണ്ണിമായ ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരെ ലൈംഗിക പീഡന പരാതി നൽകിയത് താനല്ലെന്ന് വ്യക്തമാക്കിയ നടി അനാവശ്യമായി തന്നെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും ആവശ്യപ്പെട്ടു.

പറയപ്പെടുന്ന കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലെന്നും ഗൗരി വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. ബിജു സോപാനത്തിനും ശ്രീകുമാറിനുമെതിരായ ലൈംഗിക പീഡന പരാതിയെന്ന വാർത്ത കണ്ട് നിരവധി പേർ വിളിച്ചുചോദിച്ചതുകൊണ്ടും സോഷ്യൽ മീഡിയയിൽ ഹേറ്റ് ക്യാംപെയിൻ നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടുമാണ് ഇങ്ങനെയൊരു വീഡിയോ ചെയ്യുന്നതെന്നും നടി വിവരിച്ചു.

https://www.instagram.com/reel/DEE5ScLSWV_/?igsh=MWdnNnY1NjNkaHRwMw==

കഴിഞ്ഞ കുറച്ച് എപ്പിസോഡുകളിൽ കാണാത്തത് കൊണ്ടാണ് പലരും താനാണോ ആ നടിയെന്ന സംശയം പങ്കുവച്ചതെന്നും നടി കൂട്ടിച്ചേർത്തു. ഷിംലയിലേക്ക് ഒരു ട്രിപ് പോയിരുന്നതിനാലാണ് എപ്പിസോഡുകളിൽ കാണാത്തതെന്നും മടങ്ങിവന്ന ഉടനെ സീരിയലിൽ റിജോയിൻ ചെയ്തെന്നും ഗൗരി ഉണ്ണിമായ വ്യക്തമാക്കി. ഇനിയുള്ള എപ്പോസോഡുകൾ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ തന്നെ കാണാനാകുമെന്നും നടി വിവരിച്ചു.

അതേസമയം ഒരു സീരിയല്‍ നടിയുടെ പരാതിയില്‍ സിനിമ സീരിയല്‍ നടന്മാരായ ബിജു സോപാനത്തിനും എസ് പി ശ്രീകുമാറിനുമെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. സീരിയല്‍ ചിത്രീകരണത്തിനിടെ ഉപദ്രവിച്ചെന്ന പരാതിയില്‍ ഇവർക്കെതിരെ കൊച്ചി ഇന്‍ഫോ പാര്‍ക്ക് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ തൃക്കാക്കര പൊലീസിന് കൈമാറിയിട്ടുണ്ട്.

More Stories from this section

family-dental
witywide