അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25: ഇനി ഭരണഘടനാ ഹത്യാ ദിനം, വിജ്ഞാപനം ഇറക്കി കേന്ദ്രം; രൂക്ഷ വിമർശനവുമായി കോൺഗ്രസ്

ദില്ലി: ഭരണ ഘടന ഉയർത്തിയുള്ള കോൺഗ്രസിന്‍റെയും പ്രതിപക്ഷത്തിന്‍റെയും പോരാട്ടത്തിന് കേന്ദ്രം ഭരിക്കുന്ന ബി ജെ പി സർക്കാരിന്‍റെ തിരിച്ചടി. ഇന്ദിരാഗാന്ധി 1975 ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മുൻ നിർത്തിയുള്ള കടന്നാക്രമണമാണ് മോദി സർക്കാർ നടത്തിയിരിക്കുന്നത്. 1975 ൽ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ജൂൺ 25 -ാം തിയതി ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ജൂൺ 25 – ഭരണഘടനാ ഹത്യാ ദിനമായി ആചരിക്കണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ള വിജ്ഞാപനം ഇറക്കുകയും ചെയ്തിട്ടുണ്ട് കേന്ദ്രം.

ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1975 ജൂൺ 25 നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. അടിയന്തരാവസ്ഥയിൽ മനുഷ്യത്വ രഹിതമായ നടപടികളുടെ വേദനകൾ സഹിച്ചവരുടെ സംഭാവനകൾ ഈ ദിനം അനുസ്മരിക്കുമെന്ന് തീരുമാനം അറിയിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സമൂഹ മാധ്യമമായ എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്.

അതേസമയം നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് രംഗത്തെത്തി. മാധ്യമങ്ങളിൽ തലക്കെട്ട് സൃഷ്ടിക്കാനുള്ള കപട നീക്കമാണ് ബി ജെ പി നടത്തുന്നതെന്നാണ് കോൺ​ഗ്രസ് വക്താവ് ജയ്റാം രമേശ് എക്സിൽ കുറിച്ചത്. പത്ത് വർഷം രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പ്രധാനമന്ത്രിയുടെ കാപട്യമാണ് ഇതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

More Stories from this section

family-dental
witywide