തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സി എസ് സിദ്ധാർഥന്‍റെ മരണത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും അന്വേഷണ കമ്മീഷനെ നിയോഗിച്ചു. സർവകലാശാലയുടെ ചാൻസിലർ എന്ന അധികാരം ഉപയോഗിച്ചാണ് സിദ്ധാർഥന്‍റെ മരണത്തിൽ ഗവർണർ അന്വേഷണ കമ്മീഷനെ പ്രഖ്യാപിച്ചത്. സംസ്ഥാന സർക്കാർ പ്രഖാപിച്ച സി ബി ഐ അന്വേഷണത്തിന് പുറമെയാണ് കേസ്, ഗവർണർ നിയോഗിച്ച അന്വേഷണ കമ്മീഷനും അന്വേഷിക്കുക. ഇത് സംബന്ധിച്ച ഉത്തരവും ഗവർണർ പുറത്തിറക്കി.
മുൻ ഹൈക്കോടതി ജഡ്ജി എ ഹരിപ്രസാദിന്‍റെ നേതൃത്തിലുള്ള അന്വേഷണ കമ്മീഷനെ യാണ് ഗവർണർ സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ നിയോഗിച്ചിരിക്കുന്നത്. വയനാട് മുൻ ഡി വൈ എസ് പി വി.ജി കുഞ്ഞനും അന്വേഷണ സംഘത്തിലുണ്ട്. സിദ്ധാർത്ഥന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം, സർവകലാശാല അധികൃതരിൽ നിന്നുണ്ടായ അനാസ്ഥ തുടങ്ങിയ വിഷയങ്ങളും വി സിയുടെയും ഡീനിന്‍റെയും വീഴ്ചകളുമടക്കം അന്വേഷിക്കാനാണ് ഉത്തരവ്. വിശദമായ അന്വേഷണം നടത്തി മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് ഗവർണറുടെ ഉത്തരവിലുള്ളത്.
governor announced former high court judge probe in sidharthan death case