തൃശൂർ: കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പിണറായിക്ക് ഇരട്ടത്താപ്പാണെന്നും അദ്ദേഹത്തിന് പറ്റുന്ന പണി നാടക കമ്പനി നടത്തലാണെന്നും ഗവർണർ വിമർശിച്ചു. മുഖ്യമന്ത്രി ഒരുവശത്ത് എസ്എഫ്ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്നുവെന്ന് ഗവർണർ പറഞ്ഞു.
തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം നടത്തിയിരുന്നു. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. എന്നാൽ തനിക്ക് ഒന്നിനെയും ഭയമില്ലെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. എസ്എഫ്ഐയുടെത് വളരെ മോശം പെരുമാറ്റമാണെന്നും അദ്ദേഹം വിമർശിച്ചു.
ഏങ്ങണ്ടിയൂരിൽ ഇന്നും ഗവർണർക്ക് വൈകുന്നേരം രണ്ടു പരിപാടികൾ ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്. ഇതിനിടെ കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവർത്തകരെ ബിജെപി പ്രവർത്തകർ മർദിക്കുകയും ചെയ്തു. ബിജെപി ആർഎസ്എസ് അനുഭാവികളാണ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചതെന്നാണ് പൊലീസ് നിഗമനം.