തിരുവനന്തപുരം: സ്വർണക്കടത്ത്, മലപ്പുറം പരമാർശത്തിലടക്കം മുഖ്യമന്ത്രിയും ഗവർണറും വീണ്ടും നേർക്കുനേർ. തനിക്ക് എന്തോ ഒളിക്കാന്‍ ഉണ്ടെന്ന ഗവർണറുടെ പരാമര്‍ശത്തിൽ പ്രതിഷേധം പരസ്യമാക്കി മുഖ്യമന്ത്രി കത്തയച്ചപ്പോൾ, മുഖ്യമന്ത്രിയുടെ വിശ്വാസ്യത ചോദ്യം ചെയ്തുള്ള മറുപടിയുമായാണ് ഗവർണർ രംഗത്തെത്തിയത്.
പ്രതിഷേധ കത്തുമായി മുഖ്യമന്ത്രി
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. തനിക്കെന്തോ ഒളിക്കാൻ ഉണ്ടെന്ന ഗവർണറുടെ പരാമർശം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദേശദ്രോഹ പരാമർശം താൻ നടത്തിയിട്ടില്ല. പത്രം തന്നെ ഇക്കാര്യം തിരുത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് ഉണ്ടെങ്കിൽ തടയേണ്ടത് കേന്ദ്രസർക്കാർ ആണ്. സർക്കാർ അറിയാതെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്താനുള്ള നീക്കം തെറ്റാണ്. കൂടുതൽ ചർച്ചയ്ക്ക് ഇല്ലെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു.
ഗവർണറുടെ മറുപടി
കള്ളക്കടത്ത് പണം കൊണ്ട് ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നെങ്കിൽ എന്തുകൊണ്ട് തന്നെ അറിയിച്ചില്ലെന്ന് ഗവർണർ ചോദിച്ചു. എന്തുകൊണ്ട് തന്നെ ഇരുട്ടില്‍ നിര്‍ത്തുന്നു. 20 ദിവസമായിട്ടും അയച്ച കത്തിന് മുഖ്യമന്ത്രി മറുപടി നൽകിയിട്ടില്ല. ഇതിൽ നിന്ന് മുഖ്യമന്ത്രിക്ക് എന്തോ മറയ്ക്കാനുണ്ടെന്നാണ് കരുതുന്നതെന്നും ഗവർണർ ആരോപിച്ചു.
വിഷയത്തില്‍ ഹിന്ദു പത്രത്തിനെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി നടപടിയെടുത്തില്ല. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെയാണോ ഹിന്ദുവിനെയാണോ വിശ്വസിക്കേണ്ടതെന്നും ഗവര്‍ണര്‍ ചോദിച്ചു. മുഖ്യമന്ത്രിയുടെ വിശ്വാസ്യത തകർന്നു ഇനി ആര് മുഖ്യമന്ത്രിയെ വിശ്വസിക്കും.രാഷ്ട്രപതിയെ വിവരങ്ങൾ അറിയിക്കേണ്ടത് തൻ്റെ ഉത്തരവാദിത്തമാണ്. സ്വർണ്ണക്കടത്ത് രാജ്യവിരുദ്ധ പ്രവർത്തനത്തിന് വേണ്ടിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് വീഡിയോ ദൃശ്യങ്ങളിലുണ്ട്. നിഷേധിച്ചത് കൊണ്ട് കാര്യമില്ല. പിആര്‍ ഉണ്ടെന്ന് ഹിന്ദു പറഞ്ഞിട്ടും മുഖ്യമന്ത്രി നിഷേധിക്കുന്നു. എല്ലാ കാര്യങ്ങളും എന്നെ അറിയിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു.