
തിരുവനന്തപുരം: സംസ്ഥാന സർക്കാരുമായി വീണ്ടും തുറന്ന യുദ്ധം പ്രഖ്യാപിച്ച് ഗവർണർ ആരിഫ് ഖാന്‍റെ പുതിയനീക്കം. സംസ്ഥാനത്തെ സര്‍വകലാശാലകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സര്‍ക്കാരുമായി യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന പ്രഖ്യാപനവുമായി ഗവർണർ, ഡോക്ടർ സിസ തോമസിന് ഡിജിറ്റൽ സർവകലാശാല വി സിയുടെ ചുമതല നൽകി. ഡോക്ടര്‍ കെ ശിവപ്രസാദിന് കെടിയു വിസിയുടെ താത്ക്കാലിക ചുമതലയും നല്‍കി. അനുമതി വാങ്ങാതെ പദവി വഹിച്ചതിന് സർക്കാർ അച്ചടക്ക നടപടി സ്വീകരിച്ച സിസയെ വീണ്ടും വിസിയാക്കുന്നതിലൂടെ സർക്കാരുമായുള്ള പോർമുഖം കൂടിയാണ് ഗവർണർ തുറന്നിരിക്കുന്നത്.
സിസ തോമസിന് എതിരെ ഹൈക്കോടതിയില്‍നിന്നും സുപ്രീം കോടതിയില്‍നിന്നും ലഭിച്ച തിരിച്ചടികളുടെ പേരില്‍ സര്‍ക്കാരിനുണ്ടായ നാണക്കേടിന്റെ തുടര്‍ച്ചയാണ് സിസയ്ക്കു വീണ്ടും നിയമനം നല്‍കാനുള്ള ഗവര്‍ണറുടെ തീരുമാനം. സര്‍ക്കാരിന്റെയും ഇടതു വിദ്യാഭ്യാസ സംഘടനകളില്‍നിന്നും കടുത്ത എതിര്‍പ്പ് നേരിട്ട് വിസി പദവിയില്‍നിന്ന് വിരമിച്ച സിസ തോമസ് വീണ്ടും സര്‍വകലാശാലയുടെ തലപ്പത്തേക്ക് എത്തുമ്പോള്‍ സര്‍ക്കാരിന്റെ തുടര്‍സമീപനം എന്തായിരിക്കും എന്നതും നിര്‍ണായകമാണ്.