തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട തീരുമാനം കൂടുതൽ കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. കഴിഞ്ഞ ദിവസം ആവശ്യപ്പെട്ട വിശദീകരണത്തിൽ സർക്കാരിന്‍റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതാണ് ഗവർണറെ ചൊടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം വേണമെന്ന ആവശ്യം കടുപ്പിച്ച് ഇപ്പോൾ വീണ്ടും ഗവർണർ രംഗത്തെത്തി. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരിട്ട് വിളിപ്പിച്ചു. നാളെ നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം.
നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനൊപ്പം പി വി അൻവറിന്‍റെ ഒപ്പം ഫോൺ ചോർത്തൽ വിവാദത്തിലും ഗവർണർ വിശദീകരിക്കണം തേടിയിട്ടുണ്ട്.