തിരുവനന്തപുരം: മലപ്പുറം പരാമര്‍ശത്തില്‍ മുഖ്യമന്ത്രിക്ക് രൂക്ഷമായ ഭാഷയില്‍ ഗവര്‍ണറുടെ കത്ത്. സാങ്കേതികത്വം പറഞ്ഞു ക്രിമിനല്‍ പ്രവര്‍ത്തനം മറച്ചു വെക്കാന്‍ ആകില്ലെന്നും മുഖ്യമന്ത്രി എന്തോ ഒളിക്കുന്നുണ്ടെന്നും ഗവര്‍ണറുടെ കത്തില്‍ വിമര്‍ശനം. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിളിപ്പിച്ചത് ചട്ട പ്രകാരമാണെന്നും കാര്യങ്ങള്‍ വിശദീകരിക്കാത്തത് ചട്ടലംഘനമായി കണക്കാക്കുമെന്നും ഗവര്‍ണര്‍ കത്തില്‍ മുന്നറിയിപ്പ് നല്‍കി.
ഇരുവരും ഹാജരാകാതിരുന്നത് ഭരണഘടന ബാധ്യത നിറവേറ്റാത്തതായി കണക്കാക്കുമെന്നാണ് മുന്നറിയിപ്പ് . തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ് നിര്‍വ്വഹിക്കാന്‍ ശ്രമിച്ചത്. മുഖ്യമന്ത്രി പറഞ്ഞ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് തനിക്കറിയണമെന്നും ഗവര്‍ണര്‍ കത്തില്‍ ചോദിക്കുന്നു. കാര്യങ്ങള്‍ രാഷ്ട്രപതിയെ അറിയിക്കാന്‍ വേണ്ടിയാണ് താന്‍ വിശദീകരണം ആവശ്യപ്പെട്ടതെന്നും പറയുന്നുണ്ട്.
സർക്കാരിന്റെ മറുപടി
പിവി അന്‍വര്‍ ഉന്നയിച്ച ഫോണ്‍ ചോര്‍ത്തല്‍ ആരോപണമടക്കം നിഷേധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഗവർണർക്ക് മറുപടി നൽകിയത്. ഗവര്‍ണര്‍ക്ക് നല്‍കിയ മറുപടി കത്തിൽ ആരോപണം തെറ്റാണെന്നും ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തിയിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഫോണ്‍ ചോര്‍ത്താന്‍ വ്യവസ്ഥകളുണ്ടെന്നും അവ പാലിച്ച് ആഭ്യന്തര സെക്രട്ടറിയുടെ അനുമതിയോടെ മാത്രമാണ് ചോര്‍ത്തുന്നതെന്നും ഇത് കേസ് അന്വേഷണത്തിലും രാജ്യ സുരക്ഷയെ ബാധിക്കുന്ന കാര്യത്തിലുമാണ് ചെയ്യുന്നത്. എല്ലാത്തിനും കൃത്യമായ രേഖയുണ്ടെന്നും നിയമവിരുദ്ധമായി ആരുടെയും ഫോണ്‍ ചോര്‍ത്തിയിട്ടില്ലെന്നും രാജ്ഭവന് കൈമാറിയ മറുപടി കത്തില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കി.