തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളോട് പ്രതികരിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്ത്. റിപ്പോർട്ട് പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വന്നത് തന്നെ നാണക്കേടെന്നാണ് ഗവർണർ അഭിപ്രായപ്പെട്ടത്. സ്ത്രീകൾ സുരക്ഷിതരല്ലെന്ന തോന്നലുണ്ടാക്കുന്നുവെന്നും വേദനാജനകമാണെന്നും ഗവർണർ പറഞ്ഞു.
കേസ് രജിസ്റ്റർ ചെയ്യണമെന്ന ആവശ്യത്തിൽ തത്കാലം അഭിപ്രായം പറയുന്നില്ലെന്ന് ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു. പവർ ഗ്രൂപ്പിൽ മന്ത്രിസഭയിലെ ഒരംഗം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അന്വേഷണം നടത്തേണ്ടത് സർക്കാരാണെന്ന് ഗവർണർ പറഞ്ഞു. എല്ലാ സ്ത്രീകളും ജോലി സ്ഥലത്തും പൊതുസ്ഥലത്തും സുരക്ഷിതമായി പോകണം. സർക്കാരിന് ഉത്തരവാദിത്തമുണ്ട്. സാമൂഹ്യമായിട്ടുള്ള ബോധവൽക്കരണം കൂടി നൽകണമെന്നും ഗവർണർ പറഞ്ഞു.