നയ പ്രഖ്യാപനത്തില്‍ മോദി സര്‍ക്കാരിന് കടുത്ത വിമര്‍ശനം; ഗവര്‍ണര്‍ വായിക്കാതെ പോയത് എന്തൊക്കെ?

തിരുവനന്തപുരം: സഭയെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ട് നയപ്രഖ്യാപന പ്രസംഗം രണ്ടുമിനുട്ടില്‍ അവസാനിപ്പിച്ച ഗവര്‍ണറുടെ നടപടിക്കു പിന്നിലെന്താണ്. സര്‍ക്കാരിനോടുള്ള കട്ടകലിപ്പെന്നു പറഞ്ഞാലും തെറ്റില്ല, പക്ഷേ സര്‍ക്കാര്‍ എഴുതിക്കൊടുത്ത അറുപത് പേജുള്ള പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിക്കാന്‍ ഗവര്‍ണറെ പ്രേരിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. വായിക്കാപ്പുറത്ത് ഉണ്ടായിരുന്നതിലധികവും കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളായിരുന്നു.

അവസാന ഖണ്ഡികയില്‍ ”നമ്മുടെ മഹത്തായ പൈതൃകം കെട്ടിടങ്ങളിലോ സ്മാരകങ്ങളിലോ അല്ലെന്നും ഇന്ത്യന്‍ ഭരണഘടനയുടെ വിലമതിക്കാനാകാത്ത പൈതൃകത്തോട് നാം കാണിക്കുന്ന ബഹുമാനത്തിലും പരിഗണനയിലുമാണ് നിലനില്‍ക്കുന്നതെന്നും’ പറയുന്ന ഭാഗമാണ് ഒരു മിനിറ്റ് 17 സെക്കന്‍ഡ് സമയമെടുത്ത് ഗവര്‍ണര്‍ വായിച്ചത്.

സാമ്പത്തിക കാര്യങ്ങളില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ അസമത്വം നിലനില്‍ക്കുന്നുവെന്നും സംസ്ഥാനത്തിന്റെ വികസന കാര്യങ്ങളില്‍ പണഞെരുക്കം ഉണ്ടാകുന്നുവെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രം തടസം നില്‍ക്കുകയാണെന്നും കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അര്‍ഹമായ ഗ്രാന്‍ഡും സഹായവും തടഞ്ഞുവയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആശങ്കരേഖപ്പെടുത്തുന്നുവെന്നും പ്രസംഗത്തിലുള്‍പ്പെടുത്തിയിരുന്നു.

കേന്ദ്ര വിഹിതം വെട്ടിക്കുറയ്ക്കുന്നത് കാരണം സംസ്ഥാനങ്ങള്‍ വരുമാനപരിധി മറികടന്ന് വികസന ചെലവുകള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരാകുകയാണെന്നും സംസ്ഥാനങ്ങളുടെ വായ്പാപരിധി വെട്ടിക്കുറച്ചത് സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കിയെന്നും കുറ്റപ്പെടുത്തലുണ്ട്.

നഷ്ടപരിഹാരം നിര്‍ത്തലാക്കിയത്, റവന്യൂ കമ്മി ഗ്രാന്‍ഡ് കുറഞ്ഞത്, കടമെടുപ്പിലെ പരിധി നിയന്ത്രണം അങ്ങനെ നീളുന്നു കേന്ദ്രത്തിനെതിരായ കേരളത്തിന്റെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങള്‍.

കേന്ദ്ര അവഗണനയെക്കുറിച്ചും സാമ്പത്തികമായി ഞെരുക്കുന്നതിനെക്കുറിച്ചും വാചാലമായ നയപ്രഖ്യാപന പ്രസംഗത്തില്‍ കേരള ജനത അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞുവെന്നും വ്യക്തമാക്കുന്നു.

മാലിന്യ മുക്ത കേരളം മാര്‍ച്ചോടെ നടപ്പാക്കുമെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നിലവിലെ അണക്കെട്ടിന്റെ അടിവാരത്ത് പുതിയ അണക്കെട്ട് വേണമെന്നാണ് കാഴ്ചപ്പാടെന്നും തമിഴ്നാടുമായി രമ്യമമായ പരിഹാരത്തിന് ശ്രമിക്കുമെന്നും ഉറപ്പ് പറയുന്നു. വിഴിഞ്ഞം തുറുമുഖം ഈ വര്‍ഷം അവസാനം കമ്മീഷന്‍ ചെയ്യുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. ഇതൊന്നും വായിക്കാന്‍ കൂട്ടാക്കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടത്.

More Stories from this section

family-dental
witywide