തിരുവനന്തപുരം: ഉദ്യോഗസ്ഥരെ രാജ്ഭവനിൽ നിന്ന് വിലക്കിയ നടപടിക്കെതിരെ വിമർശനം കനത്തതോടെ അയഞ്ഞ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വ്യക്തിപരമായ ആവശ്യങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഉദ്യോഗസ്ഥർക്ക് രാജ്ഭവനിലേക്ക് വരാം. ഔദ്യോഗിക ആവശ്യങ്ങൾക്ക് സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും അനുമതിയോടെ വന്നാൽമതിയെന്നും ഗവർണർ അറിയിച്ചു.
ചില മാധ്യമങ്ങൾ പരാമർശം തെറ്റായി റിപ്പോർട്ട് ചെയ്തെന്ന് ഗവർണർ പറഞ്ഞു. ഉദ്യോഗസ്ഥർ ആരും രാജ്ഭവനിലേക്ക് വരേണ്ടതില്ലെന്നായിരുന്നു ഗവർണർ ഇന്നലെ സ്വീകരിച്ച കടുത്ത നിലപാട്. ഡിജിപിയെയും ചീഫ് സെക്രട്ടറിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ വിശദീകരണം നൽകാൻ ഉദ്യോഗസ്ഥർ വരുന്ന പതിവില്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചു. ഇതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർക്ക് രാജ്ഭവനിൽ വിലക്കേർപ്പെടുത്തി ഗവർണർ രംഗത്തെത്തിയത്.