PR വിവാദം: സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു പി.ആർ. ഏജൻസിയുമായും ബന്ധമില്ലെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: സർക്കാരിനോ മുഖ്യമന്ത്രിക്കോ ഒരു പി.ആർ ഏജൻസിയുമായി ബന്ധമില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പി.ആർ. ഏജൻസിക്ക് വേണ്ടി സർക്കാരോ താനോ ഒറ്റ പൈസ പോലും ചെലവഴിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദ് ഹിന്ദു പത്രത്തിൽ പ്രസിദ്ധീകരിച്ച വിവാദ അഭിമുഖവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ, മാധ്യമങ്ങൾ തമ്മിലുള്ള പോരിന് തന്നെ ഇടയാക്കരുതെന്നും ഹിന്ദു മാന്യമായ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. താൻ പറയാത്ത കാര്യങ്ങൾ ഉൾപ്പെടുത്തിയത് ശരിയായിട്ടില്ലെന്ന് അവർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

പി.ആർ.ഏജൻസിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരേ ഉയർന്ന വിവാദത്തിൽ മുഖ്യമന്ത്രിയുടെ മറുപടി; ” എന്റെ അഭിമുഖത്തിന് വേണ്ടി ഹിന്ദു ആവശ്യപ്പെടുന്നു എന്നത് ആലപ്പുഴയിലെ ദേവകുമാറിന്റെ മകനാണ് പറയുന്നത്. ഹിന്ദുവിന് അഭിമുഖം നൽകിക്കൂടെ എന്ന് ചോദിച്ചു. ഹിന്ദുവിന് അഭിമുഖം നൽകുന്നതിൽ വേറെ പ്രശ്നം ഒന്നും ഇല്ല. അത് എനിക്കും താത്പര്യമുള്ള കാര്യമാണ്. ആയിക്കോട്ടെ എന്ന് പറഞ്ഞു. സമയം വളരെ കുറവാണ്. കമ്മിറ്റി മീറ്റിങ്ങിനിടയ്ക്കുള്ള സമയം പറഞ്ഞു, അവര് വന്നു. രണ്ടുപേരാണ് വന്നത്. ഒറ്റപ്പാലത്തെ ഒരു ലേഖികയാണ് അതിൽ ഒരാൾ.

അഭിമുഖത്തിൽ പി.വി. അൻവറുമായി ബന്ധപ്പെട്ടുയർന്ന പ്രശ്നത്തിൽ ചോദ്യം ഉയർന്നു. അത് വളരെ വിശദമായി പറഞ്ഞു കഴിഞ്ഞതാണ്. അതിലേക്ക് പോകുന്നില്ല എന്ന് അവരോട് പറഞ്ഞു. എന്നാൽ അഭിമുഖം പ്രസിദ്ധീകരിച്ചപ്പോൾ അതിൽ ഞാൻ പറയാത്ത കാര്യങ്ങൾ ഉണ്ടായിരുന്നു. നിങ്ങൾക്ക് അറിയാലോ എന്റെ നിലപാട് എന്താണെന്ന്. ഏതെങ്കിലും ഒരു ജില്ലയേയോ ഏതെങ്കിലും ഒരു വിഭാഗത്തേയോ കുറ്റപ്പെടുത്തി സംസാരിക്കുന്ന രീതി എന്റെ പൊതുപ്രവർത്തന രംഗത്ത് നിങ്ങൾക്ക് ആർക്കെങ്കിലും കാണാൻ കഴിഞ്ഞിട്ടുണ്ടോ, അങ്ങനെ ഒരു നില എന്റെ ഭാഗത്ത് നിന്നു ഉണ്ടാവില്ലാല്ലോ.

പി.ആർ. ഏജൻസിക്ക് വേണ്ടി ഞാനോ സർക്കാരോ ഒരു പൈസ പോലും ചെലവഴിച്ചിട്ടില്ല. ദേവകുമാറിന്റെ മകൻ രാഷ്ട്രീയമായി ചെറുപ്പം മുതലേ ഞങ്ങളുടെ കൂടെ നിൽക്കുന്ന ആളാണ്. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള ആളാണ്. അതിന്റെ ഭാഗമായി ഇങ്ങനെ പറഞ്ഞപ്പോൾ അഭിമുഖം ആകാമെന്ന് സമ്മതിച്ചതാണ്. മറ്റു കാര്യങ്ങൾ അവര് തമ്മിൽ തീരുമാനിക്കേണ്ടതാണ്, എനിക്കറിയില്ല. അഭിമുഖം നടന്നു കൊണ്ടിരിക്കെ മറ്റൊരാൾ കൂടെ കടന്നുവന്നു. ഹിന്ദുവിന്റെ മാധ്യമപ്രവർത്തകയുടെ കൂടെയുള്ള ആളാണെന്നാണ് ഞാൻ മനസ്സിലാക്കിയത്. പിന്നെയാണ് പറയുന്നത് അത് ഏജൻസിയുടെ ആളാണെന്ന്. വന്നയാളേയും അറിയില്ല എനിക്ക് അത്തരം ഒരു ഏജൻസിയേയും അറിയില്ല. ഞാൻ കേരളാ ഹൗസിൽ ഇരിക്കുമ്പോൾ അവിടെ വന്ന് ഇരുന്നു എന്നത് ശരിയാണ്. എനിക്ക് ഒരു ഏജൻസിയുമായി ഒരു ബന്ധവുമില്ല. ഒരു ഏജൻസിയേയും ചുമതലപ്പെടുത്തിയിട്ടില്ല. ഒരു ഏജൻസിക്കും ഇത്തരത്തിൽ ഒരു ഉത്തരവാദിത്വം കൊടുത്തിട്ടില്ല- മുഖ്യമന്ത്രി പറഞ്ഞു.

വിഷയത്തിൽ നിയമനടപടിക്ക് സർക്കാർ തയ്യാറാകുമോ എന്ന ചോദ്യത്തിന്, ഹിന്ദു മാന്യമായിത്തന്നെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അവര് തമ്മിൽ എന്താണ് നടന്നതെന്ന കാര്യം എനിക്ക് കൃത്യമായി പറയാൻ സാധിക്കില്ല. അതേസമയം ഈ പറയുന്ന ഏതെങ്കിലും ഭാഗം ഈ പറയുന്ന ചെറുപ്പക്കാരിൽ നിന്ന് വാങ്ങിയിട്ടുണ്ടോ എന്നകാര്യം പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Govt or Chief Minister Pinarayi Vijayan has no connection with any PR agency says CM

More Stories from this section

family-dental
witywide